2024 ല്‍ കേരളത്തിലെ വീടുകളില്‍ നടന്നത് 500 ലധികം പ്രസവങ്ങള്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തിലെ വീടുകളില്‍ നടന്നത് 500 ലധികം പ്രസവങ്ങളാണെന്ന സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം ഇതുവരെ വീടുകളിലെ പ്രസവങ്ങളില്‍ കുറവുണ്ടെന്നവകാശപ്പെട്ട ആരോഗ്യമന്ത്രി പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ എന്ത് ഇടപെടലുകള്‍ നടത്തും എന്നതില്‍ മൗനം പാലിച്ചു. വീടുകളില്‍ നടക്കുന്ന പ്രസവങ്ങള്‍ ഗൗരവകരമായ പ്രശ്‌നമാണ്. എല്ലാവരുടേയും സഹകരണത്തോടെ അവബോധവും പൊതുബോധവും സൃഷ്ടിക്കേണ്ടതുണ്ട്.
എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുള്ളത്. വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സാഹചര്യം ഗൗരവകരമാണ്. വീട്ടിലെത്തി വിവരങ്ങള്‍ തിരക്കിയ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് വീട്ടുകാര്‍ വിവരങ്ങള്‍ മറച്ചുപിടിച്ചതായും വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തെ മനപ്പൂര്‍വ്വമുള്ള നരഹത്യയായികാണേണ്ടിവരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആശാവര്‍ക്കര്‍മാരും ട്രേഡ് യൂണിയനുകളും മന്ത്രിയുമായി നടത്തിയ യോഗത്തിലെ തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു. ആശാപ്രവര്‍ത്തകരുടെ വേതനം കൂട്ടുന്നതിനായി സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. ഓണറേറിയം വര്‍ധിപ്പിക്കല്‍ തത്വത്തില്‍ അംഗീകരിക്കാമെന്ന് തൊഴില്‍ മന്ത്രി ഉറപ്പ് നല്‍കിയതായി ആശാവര്‍ക്കര്‍മാര്‍ പറഞ്ഞു.ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് പുറമേ, പഠന സമിതിയെ വെച്ച് പഠനം നടക്കുന്ന കാലാവധി ഒരു മാസമായി കുറയ്ക്ക്‌ണമെന്നാണ് ആവശ്യം. ഈ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് ഉത്തരവിറക്കിയാല്‍ സമരം അവസാനിപ്പിക്കുമെന്നും ആവശ്യങ്ങളിലെ സത്യസന്ധത മന്ത്രിയ്ക്ക് ബോധ്യമായെന്നും സമരസമിതി പറഞ്ഞു.