|
|
നാട്ടുവാര്‍ത്തകള്‍
മുനമ്പം കമ്മിഷനു തുടരാം; റിപ്പോര്‍ട്ട് സര്‍ക്കാര്‍ തൊടരുത്- ഹൈക്കോടതി
കൊച്ചി: മുനമ്പം ഭൂമിപ്രശ്‌നം പഠിച്ച് പരിഹാരനടപടികള്‍ നിര്‍ദേശിക്കാന്‍ സംസ്‌ഥാനസര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ പ്രവര്‍ത്തനം തുടരാമെന്നു ഹൈക്കോടതി. റിട്ട. ജസ്‌റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്‌റ്റിസ് നിതിന്‍ ജാംദാര്‍, ജസ്‌റ്റിസ് എസ്. മനു എന്നിവരുടെ ഇടക്കാല ഉത്തരവ്. പ്രവര്‍ത്തനം തുടരാമെങ്കിലും കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുക്കരുതെന്നു കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു.
അപ്പീല്‍ വേനലവധിക്കുശേഷം ജൂണ്‍ 16-ന് വീണ്ടും പരിഗണിക്കും. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വഖഫ് ട്രിബ്യൂണലിനേ ഇടപെടാന്‍ സാധിക്കൂവെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ നിയമനം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. വസ്‌തുതകന്‍ പരിശോധിക്കാതെയാണ് സര്‍ക്കാര്‍ കമ്മിഷനെ നിയമിച്ചതെന്നും സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. ഇതിനെതിരേയാണു സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
ഭൂമിപ്രശ്‌നം പരിശോധിക്കാന്‍ മാത്രമാണ് കമ്മിഷനെ നിയമിച്ചതെന്നാണു സര്‍ക്കാര്‍ വാദം. കമ്മിഷനു ജുഡീഷ്യല്‍ അധികാരങ്ങളില്ല. കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയില്ല. പൊതുതാത്‌പര്യവും ക്രമസമാധാനപ്രശ്‌നവും കണക്കിലെടുത്താണ് കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ തയാറാണെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു. മുനമ്പം നിവാസികളെ ഉള്‍പ്പെടെ കണ്ടശേഷം കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. തുടര്‍ന്ന് കമ്മിഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയവിവാദം ശക്‌തമാകുന്നതിനിടെയാണ് സംസ്‌ഥാനസര്‍ക്കാരിന് ഇടക്കാലാശ്വാസമായി ഡിവിഷന്‍ ബെഞ്ച് ഉത്തരവെത്തിയത്.
|
|