ഇന്ത്യയും, യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച് 90 ശതമാനം കാര്യങ്ങളിലും പരസ്പര ധാരണയില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയുമായി വ്യാപാര കരാര്‍ ഉറപ്പിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് യുകെ നോക്കിക്കാണുന്നത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ഇന്ത്യയിലെ 1.4 ബില്ല്യണ്‍ ജനസംഖ്യയുള്ള സമ്പദ് വ്യവസ്ഥയില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന ധാരണയിലാണ് യുകെ ഗവണ്‍മെന്റ്.
ഇന്ത്യന്‍ ജോലിക്കാരുടെ വിസ സംബന്ധിച്ച പ്രശ്‌നമാണ് ഇതുവരെ ചര്‍ച്ചകളില്‍ കീറാമുട്ടിയായി നിലനിന്നിരുന്നത്. ഈ വിഷയത്തില്‍ ധാരണ എത്തിയെന്നാണ് ഗവണ്‍മെന്റ് ശ്രോതസ്സുകളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'നമ്മള്‍ അടുത്ത് എത്തിക്കഴിഞ്ഞു. ഇതുവരെയില്ലാത്ത അത്രയും അരികിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും രാഷ്ട്രീയ ചര്‍ച്ചകള്‍ ഇരുഭാഗത്തും തുടരുന്നുണ്ട്', ശ്രോതസ്സ് പറഞ്ഞു.
കരാറിലെ 90 ശതമാനവും അംഗീകരിച്ചതായി ട്രേഡ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന യുകെ മധ്യസ്ഥര്‍ ബിസിനസ്സുകളോട് പറഞ്ഞു. വിസ്‌കി, കാര്‍, ഫാര്‍മസി തുടങ്ങിയ വിഷയങ്ങളില്‍ നിലനിന്ന അഭിപ്രായവ്യത്യാസങ്ങളും പരിഹരിച്ചിട്ടുണ്ട്.
ഈ കരാര്‍ അംഗീകരിക്കപ്പെട്ടാല്‍ ഇന്ത്യയിലേക്കുള്ള സ്‌കോച്ച് വിസ്‌കി, കാര്‍ ഇറക്കുമതി എന്നിവയില്‍ നികുതികള്‍ വന്‍തോതില്‍ കുറയും. ഡൊണാള്‍ഡ് ട്രംപിന്റെ യുഎസ് താരിഫ് മൂലം ആഘാതം നേരിടുന്ന രണ്ട് മേഖലകള്‍ക്കാണ് ഇതോടെ പുതിയ വിപണി തുറന്നുകിട്ടുന്നത്. റേച്ചല്‍ റീവ്‌സ് ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനുമായി ഉഭയകക്ഷി നിക്ഷേപ കരാര്‍ സംബന്ധിച്ചും ഇതോടൊപ്പം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.