യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററിലെ ജെബിന്‍ സെബാസ്റ്റിയന് 24ന് മലയാളി സമൂഹം വിട നല്‍കും

മാഞ്ചസ്റ്ററില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ ജെബിന്‍ സെബാസ്റ്റ്യന് വ്യാഴാഴ്ച (24ന്) യുകെ മലയാളി സമൂഹം യാത്രാമൊഴിയേകും. വൈകുന്നേരം നാലുമുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് വിടവാങ്ങല്‍ തിരുക്കര്‍മങ്ങള്‍ നടക്കുക. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാകും. മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം ഉള്‍പ്പെടെ ഒട്ടേറെ വൈദീകര്‍ സഹകാര്‍മ്മികരാകും. വൈകുന്നേരം മൂന്നുമണിയോടെ ജെബിന്‍ ഏറെ ആഗ്രഹത്തോടെ വാങ്ങി ഏതാനും ദിവസങ്ങള്‍ മാത്രം താമസിച്ച വീട്ടില്‍ ഫ്യൂണറല്‍ ഡയറക്‌റ്റേഴ്‌സ് മൃതദഹം എത്തിക്കും. അവിടെ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുകയുള്ളൂ.

നാലുമണിയോടെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ജെബിന്റെ മൃതദേഹം എത്തിക്കും. ദേവാലയ കവാടത്തില്‍ വൈദീകര്‍ പ്രാര്‍ത്ഥനകളോടെ സ്വീകരിച്ച് അള്‍ത്താരക്ക് മുന്നില്‍ മൃതദേഹം അടങ്ങിയ പേടകം പ്രതിഷ്ഠിക്കുന്നതോടെ പരേതന്റെ ആത്മശാന്തിക്കായുള്ള ദിവ്യബലിക്ക് തുടക്കമാകും. മാഞ്ചസ്റ്ററിലെയും പരിസരങ്ങളിലുമുള്ള ഒട്ടേറെ വൈദീകര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും. തുടര്‍ന്ന് നാട്ടില്‍ എത്തിക്കുന്ന മൃതദേഹം കാപ്പുംതല ഫാത്തിമാപുരം സെന്റ് മേരീസ് ദേവാലയത്തിലെ കുടുംബക്കല്ലറയില്‍ മൃതദേഹം സംസ്‌ക്കരിക്കും.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ ഫ്യൂണറല്‍ ഡയറക്‌റ്റേഴ്‌സ് വിഥിന്‍ഷോ ഹോസ്പിറ്റലില്‍നിന്നും മൃതദേഹം ഏറ്റെടുത്തു. മാഞ്ചസ്റ്റര്‍ മലയാളികള്‍ ഒന്നടങ്കം ഒത്തുചേര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ട ജെബിന് യാത്രാമൊഴിയേകാന്‍ ഒരുങ്ങുകയാണ്. മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം, മാഞ്ചസ്റ്ററിലെ വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ മലയാളി സമൂഹം ഒന്നടങ്കം സഹായഹസ്തവുമായി കുടുംബത്തിനൊപ്പമുണ്ട്.

ഏപ്രില്‍ ഒന്നാം തീയതി വെളുപ്പിന് രണ്ടുമണിയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് കൂട്ടുകാരനെയും കൂട്ടി അതിവേഗം ആശുപത്രിയിലേക്കെത്തിയ മാഞ്ചസ്റ്ററിലെ ജെബിനെ തേടി അരമണിക്കൂറിനകം മരണമെത്തുകയായിരുന്നു. ഇതോടെ തനിച്ചായി പോയത് അല്‍ഫോന്‍സയും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളുമാണ്. വിഥിന്‍ഷോ ഹോസ്പിറ്റലില്‍ കാര്‍ഡിയാക് തീയേറ്റര്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു ജെബിന്‍ സെബാസ്റ്റ്യന്‍ എന്ന 40കാരന്‍. ഭാര്യ ഇതേ ഹോസ്പിറ്റലില്‍ കെയററും. എന്നാല്‍ മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്ന് മറ്റേണിറ്റി ലീവിലായിരുന്ന അല്‍ഫോന്‍സ ജോലിയ്ക്ക് പോയിരുന്നില്ല. മൂത്തമകള്‍ ഡെല്‍നയ്ക്ക് പത്തു വയസും രണ്ടാമത്തെ മകന്‍ സാവിയയ്ക്ക് മൂന്നര വയസും ഇളയ മകള്‍ സാറയ്ക്ക് വെറും ഏഴു മാസവുമാണ് പ്രായം. ദിവസങ്ങള്‍ക്കു മുമ്പാണ് ഇവര്‍ പുതിയ വീട്ടിലേക്ക് താമസം മാറിയത്. അവിടെ കുടുംബസമേതം താമസം തുടങ്ങിയിട്ട് ഒരാഴ്ച പോലും തികയും മുന്നേയാണ് മരണമെത്തിയത്.

കാര്‍ഡിയാക് തീയേറ്റര്‍ നഴ്സായ ജെബിന് തന്റെ ആരോഗ്യസ്ഥിതി മനസിലായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ എമര്‍ജന്‍സി വിഭാഗത്തിലേക്ക് ഫോണ്‍ വിളിക്കുകയായിരുന്നു. എന്നാല്‍, ആംബുലന്‍സ് വരാന്‍ അരമണിക്കൂര്‍ താമസമുണ്ടാകും എന്നറിയിപ്പ് വന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സുഹൃത്തിനെ വിളിച്ച് ജെബിന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് എമര്‍ജന്‍സിയില്‍ പ്രവേശിപ്പിച്ച ജെബിന്‍ ഇസിജി എടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയും തന്റെ ജോലിസ്ഥലമായ കാര്‍ഡിയോളജി വാര്‍ഡിന് താഴെ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയും ആയിരുന്നു.

ജെബിന്റെ കുടുംബത്തിനൊപ്പം സര്‍വ്വ സഹായങ്ങളുമായി മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുമേഷ് രാജന്‍, കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റര്‍ പ്രസിഡന്റ് സുനില്‍ കോച്ചേരി അടക്കമുള്ള അസോസിയേഷന്‍ ഭാരവാഹികളും സന്നദ്ധ പ്രവര്‍ത്തകരും എല്ലാം ഒപ്പമുണ്ട്. നാട്ടില്‍ കോട്ടയം കുറവിലങ്ങാട് കാപ്പുംതല സ്വദേശിയാണ് ജെബിന്‍.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions