മാര്‍പാപ്പയുടെ വരവിനായി കാത്തിരുന്ന ഇന്ത്യ; ചരിത്ര നിയോഗത്തിന് മുന്‍പെ മടക്കം
ന്യൂഡല്‍ഹി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരിക്കുമ്പോഴും എളിമയും സ്നേഹവും മനുഷ്യത്വവും കാത്തു സൂക്ഷിച്ച വലിയ മനസ്സിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗം എല്ലാ വിഭാഗം ആളുകളിലും വേദനയുളവാക്കി.
ഇന്ത്യയോട് ഏറെ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കാമെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാനാകാതെയാണ് വിടപറഞ്ഞത്. ഇന്ത്യയ്ക്ക് ഏറെ പ്രിയപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ, ചാവറ കുര്യാക്കോസ് ഏലിയാസ്, ഏവുപ്രാസ്യാമ്മ, ദൈവസഹായം പിള്ള എന്നിവരെ വിശുദ്ധരായി പ്രഖ്യാപിച്ചു. റാണി മരിയ വട്ടാലിലിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതും ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. ഇന്ത്യയെ ഹൃദയത്തില്‍ തൊട്ട ഫ്രാന്‍സിസ് മാര്‍പാപ്പ, ഗാന്ധിജിയുടെ ആശയങ്ങളും മനസ്സില്‍ സൂക്ഷിച്ചിരുന്നു. മാര്‍പാപ്പ നേരത്തെയും ഇന്ത്യ സന്ദര്‍ശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു
2025 കത്തോലിക്കാ സഭ യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കാന്‍ 'ജൂബിലി വര്‍ഷമായി' പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂബിലി ആഘോഷങ്ങള്‍ക്ക് ശേഷം മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്കൊപ്പം വീല്‍ചെയറിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജി 7 ഉച്ചകോടിക്കെത്തിയത്. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ ക്ഷണിതാവായാണ് പോപ്പ് ഉച്ചകോടിക്കെത്തിയത്. ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് നരേന്ദ്രമോദി മാര്‍പാപ്പയെ കണ്ടത്. അദ്ദേഹത്തെ ആശ്ലേഷിച്ച മോദി കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും, ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയുമായിരുന്നു.
പോപ്പിന്റെ സന്ദര്‍ശനം സംബന്ധിച്ച് സമയക്രമം തീരുമാനിക്കേണ്ടത് വത്തിക്കാനായിരുന്നു. പോപ്പിന്റെ സന്ദര്‍ശനത്തിനായി ഇന്ത്യയും രാജ്യത്തെ ക്രൈസ്തവസമൂഹവും കാത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഇതുവരെ മൂന്ന് പാപ്പല്‍ സന്ദര്‍ശനം മാത്രമാണ് ഉണ്ടായിട്ടുള്ളത്. 1964 ല്‍ പോള്‍ ആറാമനാണ് ആദ്യം ഇന്ത്യയിലെത്തിയ പോപ്പ്. മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. 1999-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. ജോണ്‍ പോള്‍ 1986 ഫെബ്രുവരിയിലും 1999 നവംബറിലും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനവും അക്രമവും വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ് നരേന്ദ്രമോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതും, പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതും.
ഈ വര്‍ഷം പകുതിയ്ക്കു ശേഷം മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്കിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാകുന്നത്.