കോട്ടയത്ത് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍
കോട്ടയം: തിരുവാതുക്കലില്‍ ദമ്പതിമാരെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാര്‍, ഭാര്യ മീര എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല.
വീടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. ഇരുവരുടെയും തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയും കൊലപാതക കാരണം വ്യക്തി വൈരാഗ്യമെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്പലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
രക്തംവാര്‍ന്നനിലയിലായിരുന്നു രണ്ടുപേരുടെയും മൃതദേഹങ്ങള്‍. സംഭവം കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പോലീസ് വിശദമായ പരിശോധന തുടരുകയാണ്.
മൃതദേഹങ്ങളില്‍ മുറിവേറ്റ പാടുകളുണ്ട്. സംഭവത്തില്‍ വീട്ടില്‍ നേരത്തെ ജോലിക്കു നിന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിക്കായി തിരച്ചില്‍ ആരംഭിച്ചു. ഇയാളെ മോഷണക്കുറ്റത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഇതേ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാര്‍. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഒരു മകള്‍ വിദേശത്താണ്.