പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരിക്കവേ യുകെയിലേക്ക് എത്തിയ സന്ധ്യയെ കാത്തിരുന്നത് വിധിയുടെ ക്രൂരത. പിതാവിനു പിന്നാലെ സന്ധ്യയുടെ ഭര്‍ത്താവും ഓര്‍മ്മയായിരിക്കുകയാണ്. സന്ധ്യയുടെ ഭര്‍ത്താവ് വിനുകുമാര്‍ ആണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. വിനുകുമാര്‍ കെയര്‍ ഹോമില്‍ ജോലി തേടി വന്നതോടെയാണ് സന്ധ്യയും സമീപകാലത്തു യുകെയില്‍ എത്തിയത്.
കൗണ്‍സിലര്‍ സ്ഥാനം രാജി വയ്ക്കാതെയായിരുന്നു സന്ധ്യ യുകെ മലയാളി ആകുന്നത്. രണ്ടു മാസം മുന്‍പ് നടന്ന അവിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യാന്‍ സന്ധ്യ കേരളത്തില്‍ എത്തി മടങ്ങിയിരുന്നു.
അവിശ്വാസ വോട്ടില്‍ പങ്കെടുത്ത ശേഷം യുകെയിലേക്ക് എത്തിയ സന്ധ്യയെ കാത്തു നാട്ടില്‍ നിന്നും എത്തിയത് തീര്‍ത്തും സങ്കടകരമായ വാര്‍ത്ത ആയിരുന്നു. പിതാവിന്റെ മരണമാണ് ഒരു മാസം മുന്‍പ് സന്ധ്യയ്ക്ക് നേരിടേണ്ടി വന്നത്. ഇപ്പോള്‍ ആ ആഘാതത്തില്‍ നിന്നും കരകയറും മുന്‍പേ ഭര്‍ത്താവും.
വിനുകുമാറിന്റെ അച്ഛന്‍ നേരത്തെ മരണമടഞ്ഞെങ്കിലും അമ്മ ജീവിച്ചിരിപ്പുണ്ട്. സഹോദരങ്ങള്‍ അടക്കം ഉള്ളവര്‍ മൃതദേഹം നാട്ടില്‍ എത്തിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സന്ധ്യയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് നാട്ടിലുള്ള ബന്ധുക്കള്‍.