'ഷൈന്‍ ടോം ചാക്കോ ലൈംഗികച്ചുവയോടെ സംസാരിച്ചു'; ആരോപണവുമായി മറ്റൊരു നടി കൂടി
നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന ആരോപണവുമായി മറ്റൊരു നടി കൂടി രംഗത്ത്. സൂത്രവാക്യം എന്ന ചിത്രത്തില്‍ അഭിനയിച്ച അപര്‍ണ ജോണ്‍സാണ് ആരോപണവുമായി രംഗത്തെത്തിയത്. സെറ്റില്‍ വെച്ച് ഷൈന്‍ തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് അപര്‍ണയുടെ ആരോപണം. നേരത്തേ ഇതേ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഷൈന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് നടി വിന്‍ സി അലോഷ്യസ് രംഗത്തെത്തിയിരുന്നു.
'വിന്‍ സി കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ച അതേ അനുഭവങ്ങളാണ് എനിക്കും പറയാനുള്ളത്. സീനെടുക്കാന്‍ നില്‍ക്കുമ്പോഴും പ്രാക്ടീസ് ചെയ്യുമ്പോഴും ബ്രേക്കെടുത്ത് മാറി നില്‍ക്കുമ്പോഴുമെല്ലാം വളരെ രൂക്ഷമായ ലൈംഗികച്ചുവയോടെയാണ് ഷൈന്‍ സംസാരിച്ചത്. തുടര്‍ച്ചയായി അങ്ങനെ സംസാരിച്ചത് അസഹ്യമായിരുന്നു. ഇങ്ങനെ അശ്ലീലം പറഞ്ഞയാളുടെ കൂടെ അതിന് ശേഷം സ്‌ക്രിപ്റ്റിലെ ഡയലോഗ് പറയുകയും ഒന്നിച്ചഭിനയിക്കുകയും ചെയ്യുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു.' -അപര്‍ണ പറഞ്ഞു.
'ഷൈന്‍ ടോം ചാക്കോയുടെ പെരുമാറ്റം അബ്‌നോര്‍മലായിരുന്നു. തീരെ കോമണ്‍സെന്‍സ് ഇല്ലാത്ത വ്യക്തിയുടേത് പോലെയായിരുന്നു സംസാരവും പെരുമാറ്റവും ശരീരഭാഷയുമെല്ലാം.
ഷൈന്‍ ടോം ചാക്കോ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുന്നത് കണ്ടുവെന്ന് നേരത്തേ വിന്‍ സി പറഞ്ഞിരുന്നു. ഇക്കാര്യം അപര്‍ണ ജോണ്‍സ് സ്ഥിരീകരിച്ചു. ഷൈന്‍ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുന്നത് താനും കണ്ടിട്ടുണ്ട്. എന്നാല്‍ അത് എന്ത് പൊടിയാണെന്ന കാര്യം തനിക്ക് ഉറപ്പിച്ചുപറയാന്‍ കഴിയില്ലെന്ന് അപര്‍ണ പറഞ്ഞു.