ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ചാള്‍സ് രാജാവിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് വില്യം രാജകുമാരന്‍. കെന്‍സിങ്ടന്‍ പാലസ് ഇതു സംബന്ധിച്ച് സ്ഥിരീകരണം നല്‍കി. മറ്റ് ലോക നേതാക്കള്‍ക്കൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ, ബ്രസീല്‍ പ്രസിഡന്റുമാര്‍, യുഎന്‍ സെക്രട്ടറി ജനറല്‍ എന്നിവര്‍ വത്തിക്കാനിലെ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തും. അയര്‍ലന്‍ഡ്, സ്‌പെയിന്‍, ജര്‍മനി, പോര്‍ച്ചുഗല്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളുടെ തലവന്മാരും പ്രത്യേക പ്രതിനിധി സംഘത്തിനൊപ്പം സംസ്‌കാര ചടങ്ങിനെത്തും.
യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഭാര്യയ്‌ക്കൊപ്പം സംസ്‌കാരത്തിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ എത്തുമോ എന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണം ആയിട്ടില്ല. ചാള്‍സ് രാജാവും പത്‌നി കാമിലയും തങ്ങളുടെ ഇരുപതാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് 20 മിനിറ്റോളം പാപ്പയ്‌ക്കൊപ്പം സമയം ചെലവഴിച്ചിരുന്നു.
ചാള്‍സ് രാജാവും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമാണ് പോപ്പിനെ അവസാനമായി സന്ദര്‍ശിച്ച ലോക നേതാക്കള്‍. മരിക്കുന്നതിന്റെ തലേദിവസമാണ് ജെ ഡി വാന്‍സ് കുടുംബസമേതം മാര്‍പാപ്പയെ സന്ദര്‍ശിച്ചത്.