സിനിമാ നിര്‍മാതാവ് സാന്ദ്രാ തോമസിന്റെ ലൈംഗികാതിക്രമ പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. നിര്‍മാതാവ് ആന്റോ ജോസഫാണ് കുറ്റപത്രത്തില്‍ ഒന്നാം പ്രതി. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നാല് പ്രതികളാണുള്ളത്.
കേസില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി രാകേഷാണ് രണ്ടാം പ്രതി. അനില്‍ തോമസ്, ഔസേപ്പച്ചന്‍ വാഴക്കുഴി എന്നീ നിര്‍മാതാക്കളും കേസിലെ പ്രതികളാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനി ല്‍ ന ല്കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചുവരുത്തിയ ശേഷം തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് സാന്ദ്രാ തോമസ് പൊലീസിന് നല്‍കിയ പരാതി.
പരാതി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറിയിരുന്നു. ഈ അന്വേഷണ സംഘമാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ, അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിരുന്നു. സാന്ദ്രയുടെ മൊഴിയെടുക്കുകയും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം, സിനിമാ മേഖലയിലെ പ്രമുഖര്‍ക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് സാന്ദ്ര തോമസ് പറഞ്ഞു. പ്രതികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു. തനിക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടെന്നും സാന്ദ്ര വ്യക്തമാക്കി.