സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടന്‍ വിഷ്ണു പ്രസാദ് വിടവാങ്ങി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിഷ്ണു പ്രസാദ്. അടുത്തിടെ നടന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ചികിത്സയ്ക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നായിരുന്നു സഹപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാനുള്ള ശ്രമങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ആരംഭിച്ചിരുന്നു. വിഷ്ണു പ്രസാദിന്റെ മകള്‍ താരത്തിന് കരള്‍ ദാനം ചെയ്യാന്‍ തയാറായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കുടുംബം.
വില്ലന്‍ വേഷങ്ങളിലൂടെയാണ് വിഷ്ണു പ്രസാദ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാകുന്നത്. സിനിമകളിലും സീരിയലുകളിലും ശ്രദ്ധ നേടിയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. താരത്തിന് അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.