യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ കൊമേഷ്യല്‍ പൈലറ്റായി കേംബ്രിഡ്ജ്കാരി സാന്ദ്ര ജെന്‍സണ്‍

കേംബ്രിഡ്ജ് സ്വദേശിനിയായ സാന്ദ്ര ജെന്‍സണ്‍ ബ്രിട്ടനില്‍ ആദ്യ മലയാളി വനിതാ കൊമേഴ്ഷ്യല്‍ പൈലറ്റായി അഭിമാനമാവുന്നു. 21-ാം വയസ്സില്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ സാന്ദ്ര 23 ലേക്ക്
എത്തുമ്പോഴേക്കും A320 യില്‍ ഉള്‍പ്പെടെ മുപ്പത്താനിയരത്തില്‍പ്പരം നോട്ടിക്കല്‍ മൈലുകളും ആയിരത്തിലേറെ മണിക്കൂറുകളും പറന്ന് അതുല്യമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.

മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള 'ജസീറ എയര്‍വേസില്‍' പൈലറ്റായി സേവനം അനുഷ്ഠിക്കുന്ന സാന്ദ്ര ജെന്‍സണ്‍ എറണാകുളം ജില്ലയിലെ കാലടി സ്വദേശിനിയാണ്. രണ്ടാം വയസ്സില്‍ യു കെ യിലെക്കു മാതാപിതാക്കളുടെ കരംപിടിച്ചു വന്ന ഈ 'കൊച്ചു പൈലറ്റ്' ഇന്ന് അനേകം വിലപ്പെട്ട ജീവനുകള്‍ സുരക്ഷിതമായി അവരുടെ ഉദ്ദേശ ലക്ഷ്യത്തില്‍ കൊണ്ടെത്തിക്കുവാന്‍ തന്റെ കരങ്ങള്‍ക്ക് കഴിയുമ്പോള്‍ വലിയ ചാരിതാര്‍ത്ഥ്യം പകരുന്ന അനുഭവം കൂടിയാണ് ഈ പ്രൊഫഷന്‍ സാന്ദ്രക്ക് നല്‍കുന്നത്.

തന്റെ 'എ'ലെവല്‍ പഠന കാലത്ത് വര്‍ക്ക് എക്‌സ്പീരിയന്‍സ് നേടുന്നതിന് വ്യത്യസ്ത മേഖല എന്ന നിലയില്‍ തെരഞ്ഞെടുത്ത 'എയര്‍ ട്രാഫിക് കണ്‍ട്രോളര്‍' എന്ന ഹൃസ്യ പരിശീലനത്തിന് ഒടുവിലാണ് ആകാശ പറക്കല്‍ എന്ന സ്വപ്നം ചിന്താധാരയില്‍ മൊട്ടിട്ടതെന്ന് സാന്ദ്ര പറയുന്നു. പൈലറ്റ് എന്ന സ്വപ്നം പൊടുന്നനെയാണ് മനസ്സില്‍ ഉദിച്ചതെങ്കിലും, തന്റെ നാട്ടിലേക്കും മറ്റുമുള്ള ആകാശ യാത്രകളില്‍ നിന്നു ലഭിച്ചിട്ടുള്ള അനുഭൂതികളും എയര്‍ക്രാഫ്റ്റ് സ്റ്റാഫുകളുടെ യൂണിഫോമും, ചിന്തകളും അവളുടെ സ്വപ്നങ്ങള്‍ ഉയരങ്ങളില്‍ എത്തിക്കാന്‍ പില്‍ക്കാലത്തു സഹായിച്ചുവത്രേ.

അങ്ങിനെ മനസ്സിലേക്ക് കയറിവന്ന ആകാശത്തോടുള്ള ആവേശം, പിന്നീട് പൈലറ്റാകാനുള്ള അവരുടെ അഭിലാഷത്തിന് ഇന്ധനമായി മാറുകയായിരുന്നു.

പൈലറ്റാവാനുള്ള മോഹം തീക്ഷ്ണമായി വളര്‍ന്നപ്പോള്‍ അത് ഏറെ മാനസ്സിക സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ മാതാപിതാക്കളുടെ ഭാഗത്തു നിന്നും കിട്ടിയ കട്ട സപ്പോര്‍ട്ടാണ് മോഹത്തിന് ചിറകു വെച്ചതെന്ന് സാന്ദ്ര പറയുന്നു.

തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കുവാന്‍ നടത്തിയ നിതാന്തമായ പഠനവും, പരിശീലനവും, അര്‍പ്പണ മനോഭാവത്തോടെയും, ദൃഢ നിശ്ചയത്തോടെയും, കഠിനാധ്വാനത്തിലൂടെയും നടത്തിയ ചുവടുവെപ്പും കുടുംബത്തിന്റെ പ്രോത്സാഹനവും കൊണ്ടാണ് പൈലറ്റെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിച്ചത്. ഓണ്‍ലൈനായി 'ബിഎസ് സി ഇന്‍ പ്രൊഫഷണല്‍ പൈലറ്റ് പ്രാക്ടീസ്' ഡിഗ്രി കോഴ്സിന് സാന്ദ്ര സമാന്തരമായി പഠിക്കുന്നുമുണ്ട്.

ഇതര രാജ്യങ്ങളെപ്പോലെ എഞ്ചിനീയറിംഗ് ബിരുദമോ, സയന്‍സോ, കണക്കോ സമാന വിഷയങ്ങളോ ഐശ്ചികമായി പഠിച്ചുവെന്നതോ മാനദണ്ഡങ്ങള്‍ ആയി ഇവിടെ പരിഗണിക്കാറില്ല എന്നാണ് സാന്ദ്രയുടെ അനുഭവപാഠം. പക്ഷെ പഠിക്കുവാനും, മനസ്സിലാക്കുവാനുമുള്ള കഴിവും ദൃതഗതിയില്‍ ഓര്‍മ്മിച്ചു കൃത്യതയോടെ പ്രവര്‍ത്തിക്കുവാനുള്ള കഴിവും പ്രാപ്തിയുമാണ് പ്രധാനമായി പരിഗണിക്കുക.

വലിയ ഫീസ് ഈടാക്കുന്ന ഒന്നാണ് ഫ്‌ലൈറ്റ് സ്‌കൂള്‍ പഠനമെങ്കിലും രണ്ടു വര്‍ഷം കൊണ്ട് ഒരു മികച്ച പ്രൊഫഷന്‍ സ്വന്തമാക്കാവുന്നതും, യുവജനങ്ങളുടെ സ്വപ്ന പ്രൊഫഷന്‍ ആണിതെന്നതുമാണ് പൈലറ്റ് പഠനം ഏറെ ആകര്‍ഷിക്കപ്പെടുവാന്‍ കാരണമാവുന്നതത്രെ. പതിമൂന്നോളം പരീക്ഷകള്‍ പൈലറ്റ് എന്ന സ്വപ്നത്തിലെ ഹര്‍ഡില്‍സായി നില്‍ക്കുമ്പോള്‍ അവയെ മറികടക്കുവാന്‍ നിശ്ചയദാര്‍ഢ്യവും, ബുദ്ധിശക്തിയും, സമര്‍പ്പണവും, അക്ഷീണമായ കഠിനാധ്വാനവും അനിവാര്യമാണ്.

സാന്ദ്രയുടെ പിതാവ് ജെന്‍സണ്‍ പോള്‍ ചേപ്പാല ഒക്കല്‍ കേംബ്രിഡ്ജില്‍ 'അച്ചായന്‍സ് ചോയ്സ് ' എന്ന പേരില്‍ ഏഷ്യന്‍ ഗ്രോസറി ഉത്പന്നങ്ങളുടെയും, മീറ്റ്- ഫിഷ് എന്നിവയുടെയും വിപുലമായ തോതില്‍ ട്രെഡിംഗ് ബിസിനസ്സ് നടത്തുന്നു. സാന്ദ്രയുടെ മാതാവ് ഷിജി ജെന്‍സണ്‍ അഡന്‍ബ്രൂക്ക്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സീനിയര്‍ നഴ്സായി ജോലി ചെയ്തുവരുന്നു. മൂത്ത സഹോദരി സോണ ജെന്‍സണ്‍ ഗ്യാസ് ഇന്‍ഡസ്ട്രി അനാലിസ്റ്റും, ഇളയ സഹോദരന്‍ ജോസഫ്, കേംബ്രിഡ്ജില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.
.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions