ബ്രിട്ടനിലെ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനും, ബലാത്സംഗത്തിനും വിട്ടുനല്‍കുന്ന ചൂഷക സംഘത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ചാനല്‍ 4 പുറത്തുവിട്ട ഗ്രൂംഡ്: എ നാഷണല്‍ സ്‌കാന്‍ഡല്‍ പരസ്യമാക്കിയത്. ഗ്രൂമിംഗ് സംഘങ്ങളുടെ ചൂഷണത്തിന് വിധേയമായ അഞ്ച് സ്ത്രീകളാണ് തങ്ങളെ പോലീസും, സോഷ്യല്‍ സര്‍വ്വീസും കൈവിട്ടത് ഉള്‍പ്പെടെ അനുഭവങ്ങള്‍ വിവരിച്ചത്.
എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് ഇതുവരെ വിഷയത്തില്‍ സുപ്രധാന നടപടികള്‍ക്കൊന്നും മുതിര്‍ന്നിട്ടില്ല. ഈ ഘട്ടത്തിലാണ് റേഡിയോ ചര്‍ച്ചയില്‍ റിഫോം യുകെ അംഗം ടിം മോണ്ട്‌ഗോമറിയുടെ ചോദ്യത്തിന് ഒരു ലേബര്‍ ക്യാബിനറ്റ് മന്ത്രി ഇതൊക്കെ വെറും ഏതാനും പേരെ മാത്രം ബാധിക്കുന്ന നിസ്സാര വിഷയമാണെന്ന തരത്തില്‍ നിലപാട് സ്വീകരിച്ച് വിവാദത്തില്‍ ചാടിയത്.
ഗ്രൂമിംഗ് സംഘങ്ങളെ കുറിച്ചുള്ള ചാനല്‍ 4 ഡോക്യുമെന്ററിയെ കുറിച്ച് ചോദിച്ചപ്പോഴാണ് 'ഇനി ഇതെല്ലാം പറഞ്ഞ് കുഴലൂത്ത് നടത്തണമല്ലോ' എന്ന് ഹൗസ് ഓഫ് കോമണ്‍സ് നേതാവ് ലൂസി പവല്‍ മറുപടി നല്‍കിയത്. ഈ വാക്കുകള്‍ക്ക് എതിരെ റിഫോം യുകെയും, അതിജീവിതരും രംഗത്ത് വന്നതോടെ ലേബര്‍ പാര്‍ട്ടി പ്രതിസന്ധിയിലായി.
ഈ ഘട്ടത്തിലാണ് കുട്ടികള്‍ക്ക് എതിരാ ഗ്രൂമിംഗ് സംഘങ്ങളുടെ ലൈംഗിക ചൂഷണം ഗുരുതരമായി തന്നെയാണ് കാണുന്നതെന്ന് ലേബര്‍ മന്ത്രി വിശദീകരണവുമായി എത്തിയത്. ഇത് വ്യക്തമാക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും മന്ത്രി പറഞ്ഞു.
ഈ വിഷയത്തിന്റെ പേരില്‍ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നതിനെയാണ് ചോദ്യം ചെയ്യാന്‍ ഉദ്ദേശിച്ചത്. അല്ലാതെ ഈ വിഷയത്തെയല്ല. മണ്ഡലത്തിലെ എംപിയെന്ന നിലയില്‍ നിരവധി ഭീകരമായ കേസുകള്‍ കണ്ടിട്ടുണ്ട്, പവല്‍ വിശദീകരിച്ചു. ചര്‍ച്ചയുടെ ചൂടില്‍ ഇത്തരത്തില്‍ കൈവിട്ട് പറഞ്ഞ് പോയതാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും പ്രതികരിച്ചു.