ലാഹോര്‍: ഇന്ത്യന്‍ മിസൈലാക്രമണത്തില്‍ തന്റ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. ബഹാവല്‍പുരില്‍ സംഘടനയുടെ ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. മസ്ഹൂദ് അസഹ്‌റിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജസിയും ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും അനന്തരവനും ഭാര്യയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് അസര്‍ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു, ' ഇസ് സുല്‍ നെ സാരേ സബ്തയ് തോര്‍ ദിയേ ഹേ. അബ് കോയി റെഹം കി ഉമീദ് ന രഖേ', അതായത് 'ഈ ക്രൂരത എല്ലാ അതിരുകളും ലംഘിച്ചു. ഇനി ആരും കരുണ പ്രതീക്ഷിക്കരുത്'. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പൂരിലെ മര്‍കസ് സുബ്ഹാന്‍ അല്ലാഹ് കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമാക്രമണം നടന്നതിന് പിന്നാലെയായിരുന്നു അസറിന്റെ പ്രതികരണം.
ബഹവല്‍പൂരിലെ ഒരു പ്രധാന കേന്ദ്രം ഉള്‍പ്പെടെ, പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലായി ഒമ്പത് ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ഓപ്പറേഷന്‍. നിരോധിത ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുടെ ഭീകര ആസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഒളിത്താവളങ്ങളില്‍ അര്‍ദ്ധ രാത്രിയില്‍ ആക്രമണം നടത്തിയത്. ഒമ്പത് ലക്ഷ്യങ്ങളില്‍ നാലെണ്ണം പാകിസ്ഥാനിലും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലുമായിരുന്നു.
നിരോധിത ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ബഹവല്‍പൂരിലെ മര്‍കസ് സുബ്ഹാന്‍ അല്ലാ, തെഹ്‌റ കലാനിലെ സര്‍ജല്‍, കോട്‌ലിയിലെ മര്‍കസ് അബ്ബാസ്, മുസാഫറാബാദിലെ സയ്യിദ്‌ന ബിലാല്‍ ക്യാമ്പ് എന്നിവ കൃത്യമായി ലക്ഷ്യം വച്ചവയില്‍ ഉള്‍പ്പെടുന്നു. നിരോധിത ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട മുര്‍ദിക്കെയിലെ മര്‍കസ് തായ്‌ബ, ബര്‍ണാലയിലെ മര്‍കസ് അഹ്‌ലെ ഹദീസ്, മുസാഫറാബാദിലെ ഷ്വായ് ക്യാമ്പ് എന്നിവയായിരുന്നു മറ്റ് ലക്ഷ്യങ്ങള്‍.