ഉപഭൂഖണ്ഡത്തിനു തന്നെ ഭീഷണിയായി മാറിയ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് ധാരണയായി.ഇക്കാര്യം ഇരു രാജ്യങ്ങളും സ്ഥിരീകരിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3.55ന് പാക് ഡിജിഎംഒ ഇന്ത്യന്‍ ഡിജിഎംഒയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്താന്‍ സന്നദ്ധത അറിയിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ ഡിജിഎംഒ കേന്ദ്ര സര്‍ക്കാരുമായി സംസാരിക്കുകയും പാകിസ്ഥാന്റെ നിര്‍ദ്ദേശം അംഗീകരിക്കുകയുമായിരുന്നു.
നേരത്തെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി എക്‌സില്‍ കുറിച്ചിരുന്നു.
ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടലിനെ തുടര്‍ന്നല്ല തീരുമാനമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് ഇരു ഡിജിഎംഒകളും വീണ്ടും ചര്‍ച്ച നടത്തും.'- വിക്രം മിസ്രി പറഞ്ഞു.
കരമാര്‍ഗവും സമുദ്രത്തിലൂടെയും ആകാശത്തിലൂടെയുമുള്ള എല്ലാ സൈനിക നീക്കങ്ങളും ഇന്ത്യ അവസാനിപ്പിച്ചു. ഇന്ത്യന്‍ സമയം അഞ്ച് മണി മുതല്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കുമെന്നും വിക്രം മിസ്രി പറഞ്ഞു. ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിലേക്കെത്തിയത്.
ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ പങ്കെടുത്തിട്ടില്ലെന്നും സൈന്യമാണ് ചര്‍ച്ച നടത്തിയതെന്നും വിക്രം മിസ്രി അറിയിച്ചു. എന്നാല്‍ ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളുന്നതായിരുന്നു വിക്രം മിസ്രിയുടെ പ്രസ്താവന. ചര്‍ച്ചകളില്‍ ഏതെങ്കിലും ഒരു മൂന്നാംകക്ഷി ഇടപെട്ടിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി അറിയിക്കുകയായിരുന്നു. നേരത്തെ സൗദി ഇരു രാജ്യങ്ങളുമായി സംസാരിച്ചിരുന്നു. ഏതായാലും ഏതാനും ദിവസങ്ങളിലായി നടന്ന കടുത്ത യുദ്ധ ഭീതി ഇതോടെ ഒഴിയുമെന്നാണ് കരുതുന്നത്.
പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് നടത്തുന്ന ഏതൊരു ഭീകരപ്രവര്‍ത്തനവും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ ഇന്ന് അറിയിച്ചിരുന്നു.