മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'തുടരും' ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടമാണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്. ആകെ 185 കോടിയില്‍ അധികം ഇതിനോടകം നേടിയ ചിത്രം 2018നെ വീഴ്ത്തി തുടരും കേരള ബോക്സ് ഓഫീസില്‍ ഇന്‍ഡസ്‍ട്രി ഹിറ്റായിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രമായി 89 കോടി രൂപയിലധികം നേടിയാണ് ' തുടരും' ഇന്‍ഡസ്ട്രി ഹിറ്റ് ആയിരിക്കുന്നത്.
ഒരുപാട് പുതിയ ചിത്രങ്ങള്‍ റിലീസ് ആയിട്ടും 'തുടരും' നടത്തുന്ന കുതിപ്പ് മറികടക്കാന്‍ പുതിയ ചിത്രങ്ങള്‍ക്ക് സാധിക്കുന്നില്ല എന്ന് തന്നെയാണ് കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ കണക്ക് നോക്കിയാല്‍ ഒരു ലക്ഷത്തി ഇരുപത്തി ഒരായിരം ടിക്കറ്റുകളാണ് തുടരുമിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്. പ്രമുഖ ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിലെ മാത്രം കണക്കാണിത്.
ഇതോടെ മലയാളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കാനാണ് ഇനി സിനിമയുടെ ലക്ഷ്യം. ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണ്.
ശോഭനയാണ് നായിക. ഏറെക്കാലത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷണ്മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.