ന്യൂഡല്‍ഹി: കടലിലും, ആകാശത്തും, കരയിലുമുള്ള എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍ ഇന്ത്യയും പാകിസ്താനും ധാരണയിലെത്തിയതായി കമ്മഡോര്‍ രഘു ആര്‍. നായര്‍. കരസേനയോടും നാവികസേനയോടും വ്യോമസേനയോടും ഈ ധാരണ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താന് കനത്ത നാശങ്ങള്‍ സംഭവിച്ചതായും പാകിസ്താന്‍ ഇന്ത്യക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തിയതായും ഇന്ത്യ വ്യക്തമാക്കി. പാകിസ്താന്‍ തങ്ങളുടെ ജെഎഫ് 17 ഉപയോഗിച്ച് ഇന്ത്യയുടെ എസ് 400, ബ്രഹ്മോസ് മിസൈല്‍ ബേസ് എന്നിവ തകര്‍ത്തുവെന്ന അവകാശവാദം തെറ്റാണെന്ന് കമ്മഡോര്‍ രഘു ആര്‍ നായര്‍, വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവര്‍ വ്യക്തമാക്കി. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറിന് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു പ്രതികരണം.
സിര്‍സ, ജമ്മു, പത്താന്‍കോട്ട്, ഭട്ടിന്‍ഡ, നാലിയ വ്യോമതാവളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്ന വാദവും ഇന്ത്യ തള്ളി. ഇന്ത്യന്‍ സൈന്യം പള്ളികള്‍ നശിപ്പിച്ചതായി പാകിസ്താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും നമ്മുടെ സൈന്യം ഇന്ത്യയുടെ ഭരണഘടനാ മൂല്യത്തിന്റെ പ്രതിഫലനമാണെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിട്ട ഭീകരവാദവാദ ക്യാമ്പുകളെ മാത്രമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഇന്ത്യന്‍ സായുധ സേന മതകേന്ദ്രങ്ങളെ ലക്ഷ്യം വച്ചിട്ടില്ലെന്നും വിങ് കമാന്‍ഡര്‍ വ്യോമിക സിങ് വ്യക്തമാക്കി.