രോഹിതിന് പിന്നാലെ ടെസ്റ്റില്‍ നിന്ന് വിരമിച്ച് വിരാട് കോലിയും
ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചാണ് താരം വിരമിക്കല്‍ വിവരം പ്രഖ്യാപിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി പോസ്റ്റില്‍ പറഞ്ഞു. മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് കോലിയും ടെസ്റ്റ് ക്രിക്കറ്റിന്റെ പടിയിറങ്ങുന്നത്.
ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കോലി നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലുമാണ് തുടരുന്നത്. 2011-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ടെസ്റ്റില്‍ കോലിയുടെ അരങ്ങേറ്റം. ഈ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലാണ് അവസാനമായി കളിച്ചത്.
ടെസ്റ്റില്‍ 14 സീസണുകളിലായി ഇന്ത്യന്‍ കുപ്പായമണിയുന്ന കോലി 123 ടെസ്റ്റുകളില്‍ കളിച്ചു. 9230 റണ്‍സ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചു. 40 ജയം നേടി. ഇന്ത്യയെ കൂടുതല്‍ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റനായിരിക്കുന്ന കാലത്ത് ബാറ്ററായും തിളങ്ങി. ഏഴ് ഇരട്ടസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. നേരത്തേ തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോലി വിരമിക്കാനുള്ള തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.