സ്പിരിച്വല്‍

സീറോമലബാര്‍ വാത്സിങ്ങ്ഹാം തീര്‍ത്ഥാടനം ജൂലൈ 19 ന്

വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായതും, റോം, ജെറുശലേം, സന്ത്യാഗോ (സെന്റ്. ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കൊപ്പം തന്നെ മഹനീയ സ്ഥാനം വഹിക്കുന്നതും, പ്രമുഖ മരിയന്‍ പുണ്യകേന്ദ്രവുമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 19 നു ശനിയാഴ്ച നടക്കും. വാത്സിങ്ങാം തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി തീര്‍ത്ഥാടക സംഘാടകര്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, നോര്‍വിച്ച്, ഗ്രേറ്റ് യാര്‍മൗത് ഇടവകകളുടെ വികാരിയായ ഫാ .ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമാണ് ആതിഥേയത്വവും ഒരുക്കങ്ങളും ചെയ്യുന്നത്.

ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് ദൈവ കല്പനയുടെ മംഗള വാര്‍ത്ത നല്‍കിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകര്‍പ്പ് ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തില്‍ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം. അതിനാല്‍ത്തന്നെ വാത്സിങ്ങാം ദൈവപുത്രന്റെ അവതാര 'പ്രഖ്യാപനത്തിന്റെ മഹത്തായ സന്തോഷത്തില്‍' പരിശുദ്ധ മറിയത്തോടൊപ്പം സന്തോഷിക്കുന്ന എല്ലാവരുടെയും തീര്‍ത്ഥാടന കേന്ദ്രമാണ്.

ജൂലൈ പത്തൊന്‍പതിനു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീര്‍ത്ഥാടന തിരുന്നാള്‍ ശുശ്രൂഷകളില്‍, ജപമാല, കൊടിയേറ്റ്, മരിയന്‍ പ്രഭാഷണം, ആരാധന, പ്രദക്ഷിണം എന്നിവയും ഉള്‍പ്പെടും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ആഘോഷമായ തിരുന്നാള്‍ സമൂഹ ദിവ്യബലിക്ക് ശേഷം തീര്‍ത്ഥാടന തിരുന്നാള്‍ സമാപിക്കും.

ഇംഗ്ലണ്ടിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് ഒമ്പതാം തവണയാണ് തീര്‍ത്ഥാടനം നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടി യാണ് വാത്സിങ്ങാം മരിയ തീര്‍ത്ഥാടനം. വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ മരിയന്‍ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

'ഇംഗ്ലണ്ടിലെ നസ്രേത്' എന്നറിയപ്പെടുന്ന മനോഹര ഗ്രാമമായ വാഷിങ്ഹാമില്‍ നടക്കുന്ന ശുശ്രൂഷകളില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹപൂരീകരണത്തിനായി വിശ്വാസികള്‍ ഇപ്പോഴേ തന്നെ തങ്ങളുടെ അവധി ദിനങ്ങള്‍ ക്രമീകരിച്ചു ഒരുക്കങ്ങള്‍ തുടങ്ങേണ്ടതാണെന്നു തിരുനാള്‍ ഭാരവാഹികള്‍ അറിയിച്ചു.

തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:

Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL

  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ അയ്യപ്പ പൂജ ശനിയാഴ്ച
  • വിവാഹ കൂദാശയ്ക്ക് കാനോനിക മാര്‍ഗനിര്‍ദേശം: ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍ പുറത്തിറക്കി
  • വി. ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ നാളെ സ്വസ്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്കാ പള്ളിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions