അബദ്ധത്തില്‍ അതിര്‍ത്തികടന്ന ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ 22-ാം ദിവസം മോചിപ്പിച്ചു
പട്രോളിംഗിനിടെ അബദ്ധത്തില്‍ അതിര്‍ത്തികടന്ന ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ മോചിപ്പിച്ചു. ബിഎസ്എഫിന്റെ 182-ാം ബറ്റാലിയനിലെ അംഗമായ പൂര്‍ണം കുമാര്‍ സാഹുവിനെയാണ് പാകിസ്ഥാന്‍ മോചിപ്പിച്ചത്. പിടികൂടി 22-ാം ദിവസമാണ് ജവാനെ പാകിസ്ഥാന്‍ മോചിപ്പിക്കുന്നത്. ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി.
രാവിലെ 10:30 ന് അമൃത്സറിലെ അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബിഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിനിടെ പിടിയിലായ പാക് റേഞ്ചറെ ഇന്ത്യ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.
പശ്ചിമ ബംഗാള്‍ സ്വദേശിയാണ് പൂര്‍ണം കുമാര്‍ ഷാ. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനമായുള്ള പിരിമുറുക്കത്തിനിടെയായിരുന്നു ബിഎസ്എഫ് ജവാന്‍ കസ്റ്റഡിയിലാകുന്നത്.
'പാകിസ്താന്‍ റേഞ്ചേഴ്സുമായുള്ള പതിവ് ഫ്‌ളാഗ് മീറ്റിങ്ങുകളിലൂടെയും മറ്റ് ആശയവിനിമയ മാര്‍ഗങ്ങളിലൂടെയും നിരന്തരമായ ശ്രമങ്ങളിലൂടെ, ബിഎസ്എഫ് കോണ്‍സ്റ്റബിളിനെ സ്വദേശത്തേക്ക് എത്തിക്കുന്നത് സാധ്യമായി' ബിഎസ്എഫ് പ്രസ്താവനയില്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു ജവാനെ പാകിസ്ഥാന്‍ പിടികൂടിയത്. പഞ്ചാബില്‍ നിന്നും അതിര്‍ത്തി കടന്നെന്ന് ആരോപിച്ചായിരുന്നു പാകിസ്ഥാന്‍ ജവാനെ കസ്റ്റഡിയിലെടുത്തത്. സീറോ ലൈന്‍ കഴിഞ്ഞ് 30 മീറ്റര്‍ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്നതിനെ തുടര്‍ന്നായിരുന്നു പിടികൂടല്‍.