യു.കെ.വാര്‍ത്തകള്‍

സേവന, ഉത്പാദന മേഖലകള്‍ രക്ഷയായി; വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ യുകെ സമ്പദ് വ്യവസ്ഥ കുതിച്ചു

2025ലെ ആദ്യ മൂന്നു മാസങ്ങളില്‍ യുകെ സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷിച്ചതിലും വലിയ കുതിച്ചുചാട്ടം ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ നേരത്തെ പ്രവചിച്ച 0.6 ശതമാനത്തേക്കാള്‍ ഉയര്‍ന്ന് 0.7 ശതമാനം വളര്‍ച്ച കൈവരിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്. സാമ്പത്തിക രംഗത്ത് യുകെ ശക്തി പ്രാപിക്കുന്നതിന്റെ സൂചനയായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ കാലയളവിലെ ഉത്പാദനം ഗണ്യമായി വളര്‍ന്നതായാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎന്‍എസ്) കണക്കുകള്‍ കാണിക്കുന്നത്. എന്നിരുന്നാലും സേവന മേഖലയുടെ വളര്‍ച്ചയാണ് വികസന കുതിപ്പിന് കളം ഒരുക്കിയത്. ഏപ്രില്‍ മാസത്തില്‍ യുഎസ് ഓപ്പണ്‍ ഇറക്കുമതി താരിഫുകള്‍ ഏര്‍പ്പെടുത്തുന്നതും യുകെയിലെ തൊഴിലുടമകളുടെ മേലുള്ള നികുതികള്‍ വര്‍ധിക്കുന്നതിനു മുന്‍പുള്ള കാലഘട്ടത്തിലാണ് സമ്പദ് വ്യവസ്ഥ വളര്‍ച്ചാ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അടുത്ത പാദത്തിലെ വളര്‍ച്ചാ നിരക്കിനെ കുറിച്ച് വിശകലന വിദഗ്ധരുടെ ഇടയില്‍ സംശയം ഉണ്ട്.

പുറത്തുവരുന്ന കണക്കുകള്‍ സര്‍ക്കാരിന് ആശ്വാസം നല്‍കുന്നവയാണ്. ഏറ്റവും പുതിയ കണക്കുകള്‍ യുകെ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും സാധ്യതയും കാണിക്കുന്നുവെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറഞ്ഞു. വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍, യുകെ സമ്പദ്‌വ്യവസ്ഥ യുഎസ്, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി എന്നിവയേക്കാള്‍ വേഗത്തില്‍ വളര്‍ന്നു എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യുഎസുമായി അടുത്തിടെ ഉണ്ടാക്കിയ വ്യാപാര കരാറിന്റെ വെളിച്ചത്തില്‍ തുടര്‍ മാസങ്ങളിലും കടുത്ത പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന അഭിപ്രായവും ഉയര്‍ന്നു വരുന്നുണ്ട്. യുഎസുമായുള്ള വ്യാപാര കരാര്‍ നിലവില്‍ വരുന്നതോടെ കാറുകള്‍, അലൂമിനിയം, സ്റ്റീല്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ താരിഫുകള്‍ വെട്ടി കുറയ്ക്കപ്പെടും. ഇതുവഴി ആയിരക്കണക്കിന് ബ്രിട്ടീഷ് തൊഴിലുകള്‍ സംരക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബ്രിട്ടീഷ് സ്റ്റീല്‍, അലുമിനിയം കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം താരിഫ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ യു എസുമായി ധാരണയായിട്ടുണ്ട്. തകര്‍ച്ചയില്‍ മുങ്ങി താഴുന്ന ബ്രിട്ടനിലെ സ്റ്റീല്‍ വ്യവസായത്തിന് ഇത് ഒരു പിടിവള്ളിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന കാറുകള്‍ക്ക് യുഎസ് ആദ്യം പ്രഖ്യാപിച്ച 27.5 ശതമാനം താരിഫ് 10 ശതമാനമായി കുറയ്ക്കുകയും ചെയ്തു. 9 ബില്യണ്‍ പൗണ്ടിലധികം വിലമതിക്കുന്ന ബ്രിട്ടീഷ് കാറുകളുടെ പ്രധാന കയറ്റുമതി വിപണിയാണ് യുഎസ്.

ബ്രിട്ടനിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന് കൂടുതല്‍ പരിഗണന നല്‍കുമെന്ന് യുഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കരാര്‍ നിലവില്‍ വരുന്നത് യുകെയിലെ ഇന്ത്യന്‍ കമ്പനികള്‍ക്കും ആശ്വാസകരമാണ്. ടാറ്റാ സ്റ്റീല്‍, ജാഗ്വാര്‍ എന്നീ ടാറ്റാ ഗ്രൂപ്പ് കമ്പനികള്‍ക്ക് കരാര്‍ വലിയതോതില്‍ പ്രയോജനം ചെയ്യും.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions