ടിവി ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തുമെന്ന ചരിത്ര പ്രഖ്യാപനവുമായി ബിബിസി മേധാവി. 2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിര്‍ത്തുമെന്നും ഓണ്‍ലൈനിലേക്ക് മാത്രമായി മാറുമെന്നുമാണ് ബിബിസി മേധാവി ടിം ഡേവി അറിയിച്ചത്. ഇന്റര്‍നെറ്റിലേക്ക് മാത്രമായി പ്രവര്‍ത്തനം മാറ്റുമെന്നും പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങള്‍ ഒഴിവാക്കുമെന്നും ബിബിസി ബോസ് ടിം ഡേവി അറിയിച്ചു.
2024 ജനുവരി 8 മുതല്‍ ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങള്‍ക്ക് പകരം ഹൈ ഡെഫനിഷന്‍ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ലണ്ടനിലാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി)ആസ്ഥാനം.
ബ്രിട്ടീഷ് പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്ററായ ബിബിസി 1922 ല്‍ ആണ് സ്ഥാപിതമായത്. പിന്നീട് 1927-ലെ പുതുവത്സര ദിനത്തിലാണ് നിലവിലെ പേരില്‍ ബിബിസി പ്രവര്‍ത്തനമാരംഭിച്ചത്. പ്രശസ്തി കൊണ്ടും ജീവനക്കാരുടെ എണ്ണം കൊണ്ടും മാധ്യമരംഗത്തെ അധികായരാണ് ബിബിസി. 21,000-ത്തിലധികം ജീവനക്കാര്‍ ബിബിസിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.