പ്രേമലുവിലെ നായികയായി പ്രേക്ഷക പ്രീതി നേടിയ മമിത ബൈജു സൂര്യയുടെ നായികയാകുന്നു. സൂര്യ നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന് ഔദ്യോഗിക തുടക്കം. സൂര്യ 46 എന്ന് താത്ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം തെലുങ്ക് ഹിറ്റ്മേക്കര്‍ വെങ്കിഅറ്റ്ലൂരിയാണ് സംവിധാനം ചെയ്യുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് നിര്‍മാണം.
ഹൈദരാബാദില്‍വെച്ചായിരുന്നു സൂര്യ 46-ന്റെ പൂജ ചടങ്ങുകള്‍ നടന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘ലക്കി ഭാസ്‌കര്‍’ എന്ന ചിത്രത്തിനു ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രവീണ ടണ്ടന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിര്‍വഹിക്കും.
'റെബല്‍' എന്ന തമിഴ് ചിത്രമായിരുന്നു മമിതയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ജി.വി. പ്രകാശ് കുമാര്‍ നായകനായി എത്തിയ സിനിമ ബോക്സോഫീസില്‍ പരാജമായിരുന്നു. വിജയ് നായകനാവുന്ന ജനനായകന്‍, രാക്ഷസന്‍ ടീം വീണ്ടും ഒരുമിക്കുന്ന ഇരണ്ടുവാനം, പ്രദീപ് രംഗനാഥന് നായകനാവുന്ന ഡ്യൂഡ് എന്നിവയാണ് മമിതയുടേതായി അണിയറയില്‍ ഒരുങ്ങുന്ന തമിഴ് ചിത്രങ്ങള്‍.