യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമ വേദിയായ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ഈ വര്‍ഷം ജൂലൈ പത്തൊന്‍പതാം തീയതി ഭക്തിനിര്‍ഭരമായും ആഘോഷപൂര്‍വമായും നടത്തപ്പെടും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കുന്ന ഈ തീര്‍ത്ഥാടനത്തിലേക്കും യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് മരിയ ഭക്തര്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഒഴുകിയെത്തും.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയെയും രൂപതയുടെ പ്രഥമ മെത്രാനായി ബിഷപ്പ് മാര്‍ സ്രാമ്പിക്കലിനെയും നിയമിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവസന്നിധിയിലേക്കു ചേര്‍ക്കപ്പെടുകയും പിന്തുടര്‍ച്ചക്കാരനായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സ്ഥാനമേല്‍ക്കുകയും ചെയ്തതിന്റെതടക്കം വളരെ സംഭവ ബഹുലമായ ചരിത്ര നിമിഷങ്ങളിലൂടെ കത്തോലിക്കാ സഭ കടന്നു പോകുന്ന നാളുകളില്‍ തന്നെയാണ് ഇക്കുറി വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം നടക്കുന്നത് എന്നത് പ്രത്യേകതയാണ്. ജൂബിലി വര്‍ഷത്തിലെ പ്രത്യാശയുടെ തീര്‍ത്ഥാടനം എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന ഇത്തവണത്തെ ഈ പുണ്യയാത്രക്ക് നേതൃത്വം നല്‍കുന്നത് നോര്‍വിച്ച്, ഗ്രേറ്റ് യാര്‍മൗത്ത് ഇടവകകളുടെ വികാരിയായ ഫാ. ജിനു മുണ്ടുനടക്കലിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ കേംബ്രിഡ്ജ് റീജിയണിലുള്ള വിശ്വാസ സമൂഹമാണ്.
എല്ലാ വര്‍ഷവും മുടങ്ങാതെ സ്‌കോട്‌ലാന്‍ഡ്, അയര്‍ലാന്‍ഡ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഈ തിരുനാളിന് എത്തുന്ന നിരവധി മരിയ ഭക്തര്‍ക്കു പുറമെ യുകെയിലെ എല്ലാ സീറോ മലബാര്‍ ഇടവകകളിലും നിന്നായി ഏതാണ്ട് എണ്ണായിരത്തോളം വിശ്വാസികള്‍ ഇക്കുറി വാല്‍സിംഗ്ഹാം തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കും എന്നാണ് കണക്കു കൂട്ടുന്നത്. മുപ്പതിലധികം കോച്ചുകള്‍ക്കും അഞ്ഞൂറിലധികം കാറുകള്‍ക്കും ഉള്ള പാര്‍ക്കിംഗ് സൗകര്യം തീര്‍ത്ഥാടന വേദിയോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.
കൂടുതലായി വരുന്ന വാഹനങ്ങള്‍ക്കുള്ള ഓവര്‍ ഫ്‌ലോ പാര്‍ക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ തീര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വോളണ്ടിയേഴ്‌സിന്റെ ഒരു വന്‍നിര തന്നെ ഇപ്പോഴേ പരിശീലനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തീര്‍ത്ഥാടന കേന്ദ്രത്തിനും പ്രദക്ഷിണ മൈതാനത്തിനും ചുറ്റിലുമായി പൂര്‍ണ്ണ സുരക്ഷാ ക്രമീകരണങ്ങളുമായി ഫയര്‍ ഫോഴ്‌സ്, ഫസ്റ്റ് എയിഡ്, ആംബുലന്‍സ് സര്‍വീസ് എന്നിവ സുസജ്ജമായിരിക്കും.
ജൂലൈ പത്തൊന്‍പതിനു രാവിലെ ഒന്‍പതു മണിയോടെ ആരംഭിക്കുന്ന തീര്‍ത്ഥാടന ശുശ്രൂഷകളില്‍, ജപമാല, കൊടിയേറ്റ്, മരിയന്‍ പ്രഭാഷണം, ആരാധന, പ്രദക്ഷിണം, ആഘോഷമായ പാട്ടുകുര്‍ബാന എന്നിവയും ഉള്‍പ്പെടും. ഇംഗ്ലണ്ടിലെ നസ്രേത് എന്നറിയപ്പെടുന്ന മനോഹര ഗ്രാമമായ വാഷിങ്ഹാമില്‍ നടക്കുന്ന ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹപൂരീകരണത്തിനായി വിശ്വാസികള്‍ ഇപ്പോഴേ തന്നെ തങ്ങളുടെ അവധി ദിനങ്ങള്‍ ക്രമീകരിച്ച് ഒരുക്കങ്ങള്‍ തുടങ്ങേണ്ടതാണെന്നു തിരുനാള്‍ ഭാരവാഹികള്‍ അറിയിച്ചു.
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം
Catholic National Shrine of Our Lady, Walshingham, Houghton St Giles, Norfolk, NR22 6AL