ബ്രെയിന്‍ ട്യൂമര്‍ രോഗനിര്‍ണയം മണിക്കൂറുകള്‍ക്കുള്ളില്‍; സുപ്രധാന നേട്ടവുമായി നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഗവേഷകര്‍
ബ്രെയിന്‍ ട്യൂമര്‍ തിരിച്ചറിയാന്‍ വൈകുന്നത് ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ്. ലോകമെമ്പാടും പ്രതിവര്‍ഷം 740,000 ആളുകള്‍ക്ക് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ പകുതിയും കാന്‍സര്‍ അല്ലാത്തവയാണ്. ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയാല്‍ ശാസ്ത്രക്രിയയിലൂടെ സാമ്പിള്‍ എടുക്കുകയും തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്തിയുമാണ് അര്‍ബുദ സാധ്യത തിരിച്ചറിയുന്നത്. നിലവില്‍ യുകെയില്‍ ഇത്തരം പരിശോധനകളുടെ പൂര്‍ണ്ണമായ ഫലം പുറത്തു വരുന്നതിന് എട്ട് ആഴ്ചയോ അതില്‍ കൂടുതലോ കാലതാമസം എടുക്കുന്നുണ്ട്.
എന്നാല്‍ വെറും 24 മണിക്കൂറിനുള്ളില്‍ ബ്രെയിന്‍ ട്യൂമര്‍ സെല്ലുകളില്‍ നിന്ന് കാന്‍സര്‍ സാധ്യത തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് നോട്ടിംഗ്ഹാം സര്‍വകലാശാല . നിലവിലുള്ള ജനിതക പരിശോധനയ്ക്ക് തുല്യമായി ഈ പരിശോധനകള്‍ക്കും ഏകദേശം 400 പൗണ്ട് ആണ് ചിലവാകുന്നത്. രോഗികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ 24 മണിക്കൂറുകള്‍ക്കകം പൂര്‍ണ്ണമായും കൃത്യമായും തരംതിരിച്ചതായും പരമ്പരാഗത ജനിതക പരിശോധനകള്‍ക്ക് തുല്യമായ വിജയനിരക്ക് ഉണ്ടെന്നും ഗവേഷകര്‍ പറഞ്ഞു.
നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ പ്രൊഫ. മാത്യു ലൂസ് ആണ് ബ്രെയിന്‍ ട്യൂമര്‍ ചികിത്സയില്‍ വിപ്ലവകരമായ നേട്ടങ്ങള്‍ക്ക് വഴിവെക്കുന്ന ഗവേഷണത്തിന് നേതൃത്വം വഹിച്ചത് . ഈ കണ്ടെത്തലുകള്‍ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് രോഗികള്‍ക്ക് പ്രയോജനപ്പെടും.
ന്യൂറോ-ഓങ്കോളജി ജേണലില്‍ ആണ് ഇവരുടെ ഗവേഷണങ്ങളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാധാരണ പരിശോധനകള്‍ക്ക് 24 മണിക്കൂറെടുക്കുമെങ്കിലും 76 ശതമാനം സാമ്പിളുകളില്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിജയകരമായി രോഗനിര്‍ണ്ണയം നടത്താനായത് നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. രോഗനിര്‍ണ്ണയം വേഗത്തിലാക്കുന്നത് രോഗികള്‍ക്ക് കീമോതെറാപ്പി പോലുള്ള ചികിത്സകള്‍ വേഗത്തിലാക്കാന്‍ സഹായിക്കും. വേഗത്തിലുള്ള രോഗനിര്‍ണയങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും രോഗികള്‍ക്ക് അനിശ്ചിതത്വത്തിന്റെ കാലഘട്ടം കുറയ്ക്കുമെന്നും ഇംപീരിയല്‍ കോളേജ് ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ. മാറ്റ് വില്യംസ് പറഞ്ഞു.