മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ 65 ന്റെ നിറവില്‍. താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് സോഷ്യല്‍മീഡിയകളിലൂടെ. ആരാധകരും താരങ്ങളും സഹപ്രവര്‍ത്തകരുമെല്ലാം ആശംസകളുമായി എത്തി. ഇത്തവണയും പതിവ് തെറ്റിക്കാതെ പ്രിയപ്പെട്ട ലാലിന് ആശംസകളുമായി മമ്മൂട്ടി എത്തിയിട്ടുണ്ട്. ഒരു പൊതുചടങ്ങില്‍ സോഫയില്‍ മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. 'പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍' എന്നാണ് മമ്മൂട്ടി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ മോഹന്‍ലാലിന് ആശംസയുമായെത്തി. പ്രിയ്യപ്പെട്ട ലാലിന് ജന്മദിനാശംസകള്‍ എന്ന കുറിപ്പോടെ, മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മുഖ്യമന്ത്രിയുടെ ആശംസ. ‘വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുന്നത് ഇനിയും തുടരട്ടെ’യെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘മലയാളക്കരയാകെ നെഞ്ചിലേറ്റിയ ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടന വിസ്മയമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിലൂടെ മാത്രം ലോക മലയാളിക്ക് ചിന്തിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ കൊണ്ട് സിനിമാ മേഖലയെ ആകെ സമ്പുഷ്ടമാക്കിയ നടന വൈഭവത്തിന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേരുന്നു’ എന്നാണ് ഇപി ജയരാജന്റെ ആശംസ.
ആന്റണി പെരുമ്പാവൂരിനും കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ച് ആണ് മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിച്ചത് . ആന്റണിയുടെ വീട്ടില്‍ വച്ചായിരുന്നു ആഘോഷം.
അതേസമയം, ‘തുടരും’ ആണ് മോഹന്‍ലാലിന്റെതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ വന്‍വിജയം പിറന്നാളിന് മോഹന്‍ലാലിന് ഇരട്ടിമധുരമായി. ആഗോളതലത്തില്‍ ഇതിനകം ചിത്രം 200 കോടി ക്ലബിലെത്തുകയും കേരളത്തില്‍ മാത്രം 100 കോടി ക്ലബിലെത്തുകയും ചെയ്തിട്ടുണ്ട്.