വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിക്കുന്ന മകളെ കെട്ടിച്ചുതരണമെന്ന് ആവശ്യം; യുവാവ് യുവതിയുടെ പിതാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം : വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിക്കുന്ന മകളെ വിവാഹം കഴിച്ചുതരണമെന്ന് ആവശ്യപ്പെട്ട് അയല്‍ക്കാരന്‍ യുവതിയുടെ പിതാവിനെ കുത്തിക്കൊന്നു. തിരുവനന്തപുരം മംഗലപുരത്ത് മകളെ വിവാഹം ചെയ്ത് നല്‍കാത്തതില്‍ താഹ എന്നയാളെ അയല്‍ക്കാരനായ റാഷിദ് എന്ന യുവാവാണ് കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ നടന്ന ആക്രമണത്തിന്റെ ഫലമായി ഇന്ന് പുലര്‍ച്ചെയാണ് താഹ മരണമടഞ്ഞത്. റാഷിദിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
മറ്റൊരു വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുമുള്ള കുടുംബമായി കഴിയുന്ന മകളെ തനിക്ക് വിവാഹം ചെയ്തു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് റാഷിദ് താഹയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ കുറേ നാളായി ഇക്കാര്യം പറഞ്ഞ് താഹയെ നിരന്തരം ഉപദ്രവിച്ചിരുന്ന റാഷിദ് ഇന്നലെ ഉച്ചയോടെ കത്തിയുമായി താഹയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടിലെത്തിയ റാഷിദ് താഹയെ വീടിനുള്ളിലിട്ട് കുത്തി. അക്രമം നടത്തുന്നത് കണ്ട താഹയുടെ ഭാര്യ നൂര്‍ജഹാന്‍ റാഷിദിനെ തടഞ്ഞെങ്കിലും ഇയാള്‍ താഹയുടെ പിന്നാലെ ചെന്ന് വീണ്ടും ആക്രമിക്കുകയായിരുന്നു. നാലു കുത്തേറ്റ താഹയുടെ കുടല്‍മാല പുറത്തുവന്ന നിലയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ താഹയെ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച റാഷിദിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
റാഷിദ് താഹയ്ക്ക് പിന്നാലെ നടക്കുന്ന വിവരം മകള്‍ അറിഞ്ഞിരുന്നില്ല. വളരെ മുമ്പ് തന്നെ വിവാഹിതയായ ഇവര്‍ കുടുംബജീവിതം നയിച്ചു വരികയായിരുന്നു. റാഷിദിന് എന്തെങ്കിലും തരത്തില്‍ മാനസീക പ്രശ്‌നമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.