മകളെ ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചത് അറിഞ്ഞിരുന്നില്ല; കുഞ്ഞിനെ കൊലപ്പെടുത്തിയത് ഒറ്റപ്പെടുത്തലിനുള്ള പ്രതികാരമെന്ന് അമ്മ
കൊച്ചി: കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ മകളെ ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് പ്രതിയായ മാതാവിന്റെ മൊഴി. ഭര്‍ത്തൃവീട്ടുകാരോടും ഭര്‍ത്താവിനോടുമുള്ള പ്രതികാരം എന്ന നിലയിലാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞതെന്ന് മാതാവ് പോലീസിന് മൊഴി നല്‍കി. ഭര്‍ത്താവും വീട്ടുകാരും തന്നെ ഒറ്റപ്പെടുത്തുന്നതിലും കുട്ടികള്‍ പോലും അകന്നു നില്‍ക്കുന്നതിലുമുള്ള പ്രതിഷേധവും അനുഭവിച്ചിരുന്ന കാര്യങ്ങള്‍ക്കുള്ള പ്രതികാരമായിട്ടുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് നല്‍കിയിട്ടുള്ള മൊഴി.
ഭര്‍തൃവീട്ടുകാരില്‍ നിന്നും നിരന്തരം മാനസീക പീഡനത്തിന് വിധേയയായിരുന്ന യുവതിക്ക് ഏതെങ്കിലും തരത്തിലുള്ള മാനസീകപ്രശ്‌നം ഉണ്ടായിരുന്നതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യുവതിക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നതായിട്ടാണ് വിവരം. അതുപോലെ തന്നെ മുമ്പും ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു എന്ന ഭര്‍ത്തൃവീട്ടുകാരുടെ ആരോപണത്തെ ന്യായീകരിക്കുന്ന രീതിയിലുള്ള ഒരു കാര്യമോ അത്തരത്തിലൊരു സൂചനയോ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മാതാവിന് ഏതെങ്കിലും തരത്തിലുള്ള മറ്റ് മാനസീകപ്രശ്‌നങ്ങളും ഉള്ളതിന്റെ ലക്ഷണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാതാവിന്റെ ആത്മവിശ്വാസക്കുറവ് മുതലെടുത്തായിരുന്നു പിതാവിന്റെ സഹോദരന്‍ പിഞ്ചുകുഞ്ഞിനെ പീഡനത്തിന് ഇരയാക്കിയതും. ഇവര്‍ കൂട്ടുകുടുംബം പോലെയായിരുന്നു ജീവിച്ചിരുന്നത്. ഒരു വളപ്പിന് കീഴില്‍ രണ്ടുവീടുകളിലായിട്ടായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ഈ സാഹചര്യമാണ് ഭര്‍ത്താവിന്റെ അനുജന്‍ മുതലാക്കിയത്. ഏകദേശം ഒന്നര വര്‍ഷത്തോളമായിരുന്നു പിതൃസഹോദരന്‍ കുഞ്ഞിനെ പീഡനത്തിന് വിധേയമാക്കിയിരുന്നത്.