നാട്ടുവാര്‍ത്തകള്‍

ഹാര്‍വാഡില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വിലക്ക്; ട്രംപ് സര്‍ക്കാരിന്റെ നടപടിക്ക് സ്റ്റേ; ഇന്ത്യക്കാര്‍ക്കും ആശ്വാസം

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവിന് സ്റ്റേ. മസാച്യൂസെറ്റ്സ് ഡിസ്ട്രിക് കോടതി ജഡ്ജ് അല്ലിസന്‍ ബറ്റഫ്സാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഹാര്‍വാര്‍ഡ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ നല്‍കിയത്. സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തിലായാല്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന നിരീക്ഷണത്തിലാണ് കോടതിയുടെ ഉത്തരവ്. ഈ മാസം 29ന് കേസിന്റെ അടുത്ത വാദം കേള്‍ക്കും.

സര്‍ക്കാരിന്റെ നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നിയമത്തിനുമെതിരാണെന്ന് വാദിച്ചായിരുന്നു ഹാര്‍വാര്‍ഡ് കോടതിയെ സമീപിച്ചത്. സര്‍വകലാശാലയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ നാലിലൊന്ന് പേരെ ഇല്ലാതാക്കാനുള്ള നടപടിയാണിതെന്നും ഹാര്‍വാര്‍ഡ് പറഞ്ഞു. നിയമവിരുദ്ധവും അനാവശ്യവുമായ നടപടിയെ അപലപിക്കുന്നതായി ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബറും പ്രതികരിച്ചു.

എന്നാല്‍ കാമ്പസില്‍ അമേരിക്കന്‍ വിരുദ്ധ, യഹൂദ വിരുദ്ധ, തീവ്രവാദ അനുകൂല പ്രക്ഷോഭകരുടെ വിപത്ത് അവസാനിപ്പിക്കാന്‍ ഹാര്‍വാര്‍ഡ് ശ്രമിച്ചിരുന്നെങ്കില്‍ ഇത്രമാത്രം പ്രശ്നമുണ്ടാകുമായിരുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അബിഗെയില്‍ ജാക്സണ്‍ പറഞ്ഞു. ജഡ്ജിക്ക് ലിബറല്‍ അജണ്ടയുണ്ടെന്നായിരുന്നു ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെ അദ്ദഹം പ്രതികരിച്ചത്. കുടിയേറ്റ നയത്തിലും ദേശീയ സുരക്ഷാ നയത്തിലും ട്രംപ് ഭരണകൂടം അവരുടെ ശരിയായ നിയന്ത്രണം പ്രയോഗിക്കുന്നത് തടയാന്‍ ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാര്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാലയുടെ സ്റ്റുഡന്റ് ആന്റ് എക്‌സേഞ്ച് വിസിറ്റര്‍ പ്രോഗ്രാം (എസ്ഇവിപി) സര്‍ട്ടിഫിക്കേഷന്‍ ഉടന്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ റദ്ദാക്കിയതായി കഴിഞ്ഞ ദിവസം ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഉത്തരവിറക്കുകയായിരുന്നു. അക്രമം, യഹൂദ വിരുദ്ധത, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ഏകോപനം എന്നിവ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വളര്‍ത്തുന്നുവെന്ന ഗുരുതര ആരോപണമുന്നയിച്ചായിരുന്നു നടപടി.

അതേസമയം ട്രംപ് ഭരണകൂടത്തിന്റെ നടപടി പ്രാബല്യത്തില്‍ വന്നാല്‍ നൂറുകണക്കിന് വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും ബാധിക്കും. ഓരോ വര്‍ഷവും 500 മുതല്‍ 800 വരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഹാര്‍വാര്‍ഡിന്റെ ഭാഗമാകുന്നുണ്ടെന്ന് സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നു. നിലവില്‍ 788 വിദ്യാര്‍ത്ഥികളാണ് സര്‍വകലാശലയില്‍ ചേര്‍ന്നിട്ടുള്ളത്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions