മലയാള സിനിമ കണ്ട എക്കാലത്തെയും ഹിറ്റായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം 'തുടരും'. ഇപ്പോഴിതാ ഷോ കൗണ്ടില്‍ 'പുലിമുരുക'നെ പിന്നിലാക്കിയിരിക്കുകയാണ് ചിത്രം. 41000 ഷോ കൗണ്ട് എന്ന പുലിമുരുകന്റെ റെക്കോഡാണ് 45000 ഷോ കൗണ്ടിലൂടെ തുടരും മറികടന്നിരിക്കുന്നത്. ഒന്‍പത് വര്‍ഷത്തോളം ഇളക്കം സംഭവിക്കാത്ത ഷോ കൗണ്ട് ആയിരുന്നു പുലിമുരുകന്റേത്. ഇതാണ് മറ്റൊരു മോഹന്‍ലാല്‍ ചിത്രം പിന്നിലാക്കിയത്.
ഏപ്രില്‍ 25 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. തരുണ്‍ മൂര്‍ത്തിയും കെ.ആര്‍ സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലിന്റെ നായികയായി ശോഭന എത്തിയതും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഫര്‍ഹാന്‍ ഫാസില്‍, പ്രകാശ് വര്‍മ, ബിനു പപ്പു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, തോമസ് മാത്യു, ആര്‍ഷ ചാന്ദ്‌നി, അമൃതവര്‍ഷിണി, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
'തൊടരും' എന്ന പേരില്‍ സിനിമയുടെ തമിഴ് പതിപ്പും റിലീസ് ചെയ്തിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് തമിഴ്‌നാട്ടില്‍ നിന്നും ലഭിച്ചത്. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വര്‍മയുടെ പെര്‍ഫോമന്‍സിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.