തെലങ്കാനയിലെ 'മിസ് വേള്‍ഡ്' സംഘാടകര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മത്സരത്തില്‍ നിന്ന് പിന്മാറി മിസ് ഇംഗ്ലണ്ട്
തെലങ്കാനയില്‍ നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തിന്റെ സംഘാടകര്‍ക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മിസ് ഇംഗ്ലണ്ട് മത്സരത്തില്‍ നിന്ന് പിന്മാറി നാട്ടിലേക്ക് മടങ്ങി. ഇത്തവണത്തെ മിസ് ഇംഗ്ലണ്ട് മില്ല മാഗി ആണ് മത്സരത്തില്‍ നിന്ന് പിന്മാറുന്നു എന്ന് പ്രഖ്യാപിച്ചത്. ഷോപീസുകളെ പോലെയാണ് മത്സരാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നത്. സംഘാടകര്‍ മത്സരാര്‍ത്ഥികളെ വില്‍പന വസ്തുക്കളാണെന്നാണ് കരുതുന്നത്. മധ്യവയസ്‌കരായ സ്‌പോണ്‍സര്‍മാര്‍ക്ക് ഒപ്പം നന്ദി പ്രകാശിപ്പിക്കാന്‍ ഇരുത്തി എന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മില്ല ഉന്നയിക്കുന്നത്.
സ്‌പോണ്‍സര്‍മാരെ സന്തോഷിപ്പിക്കാനായി രണ്ട് മത്സരാര്‍ഥികളെ വീതം ഓരോരുത്തരുടെയും കൂടെ ഒരു ഹാളില്‍ ഇരുത്തി. ഇവരോട് നന്ദി പറയണം എന്നും സംഘാടകര്‍ ആവശ്യപ്പെട്ടു. ബുദ്ധിശക്തി കൂടി അളക്കുന്ന മത്സരം ആകുമെന്ന് കരുതി, കളിക്കുന്ന കുരങ്ങിനെ പോലെ ഇരിക്കേണ്ടി വന്നു എന്നും മാഗി കുറ്റപ്പെടുത്തുന്നു. വ്യക്തിപരമായി കൂടി അവിടെ തുടരാന്‍ കഴിയില്ല എന്ന് തോന്നിയതിനാല്‍ ആണ് പിന്മാറുന്നത്. 'ലൈംഗികതൊഴിലാളി ആണോ എന്ന് പോലും തോന്നിപ്പോയി' എന്നും അടക്കമുള്ള കടുത്ത വിമര്‍ശനങ്ങള്‍ 'ദ സണ്‍' പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മില്ല ഉന്നയിക്കുന്നു.
അതേസമയം, ആരോപണം നിഷേധിച്ച് സംഘാടകര്‍ രംഗത്തെത്തി. വ്യക്തിപരമായ ആവശ്യങ്ങള്‍ കൊണ്ട് തിരികെ പോകുന്നു എന്ന് മാത്രം ആണ് പറഞ്ഞത് എന്നും സംഘാടകര്‍ അറിയിക്കുന്നു. നിലവില്‍ തെലങ്കാനയില്‍ നടക്കുന്ന മിസ്സ് വേള്‍ഡ് 2025 മത്സരത്തില്‍ നിന്നാണ് മിസ്സ് ഇംഗ്ലണ്ട് 2024 മില്ല പിന്മാറിയത്. സംസ്ഥാനത്തെ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി തെലങ്കാന സര്‍ക്കാര്‍ വലിയ ആഘോഷത്തോടെ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര മിസ്സ് വേള്‍ഡ് മത്സരമാണ് തുടര്‍ച്ചയായ വിവാദങ്ങളില്‍ പെട്ടിരിക്കുന്നത്. രാമപ്പ ക്ഷേത്രം സന്ദര്‍ശിക്കുന്നതിനിടെ സൗന്ദര്യ മത്സരത്തിലെ മത്സരാര്‍ത്ഥികളുടെ കാല്‍ കഴുകിയ വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണ് മത്സരാര്‍ത്ഥി പിന്മാറിയത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. മെയ് ഏഴിന് ഹൈദരാബാദില്‍ എത്തിയ 24 വയസുകാരിയായ മില്ല, മെയ് 16-ന് യു.കെയിലേക്ക് മടങ്ങിയത്.