ചരക്കു കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൊല്ലം തീരത്ത്; തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം
കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്താണ ചരക്കുകപ്പലില്‍ നിന്ന് കടലില്‍ വീണ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൊല്ലം തീരത്തേക്ക് എത്തി. കൊല്ലം തീരദേശത്തെ വിവിധയിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെയോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. എട്ട് കണ്ടെയ്നറുകള്‍ ഇതിനോടകം കൊല്ലം തീരത്തടിഞ്ഞു. പ്രദേശത്ത് നിന്ന് വീട്ടുകാരെ ഒഴിപ്പിച്ചു. തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കപ്പലില്‍ നിന്ന് ഒഴുകിപ്പടര്‍ന്ന എണ്ണപ്പാട നീക്കം ചെയ്യുന്നത് തുടരുകയാണ്.
കൊല്ലം തീരദേശത്തും മറ്റു കേരളത്തിലെ തീരദേപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്ത് അടിയാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അര്‍ധരാത്രിയോടെ ആദ്യം കരുനാഗപ്പള്ളിയിലെ ചെറിയഴീക്കലിലാണ് ഒരു കണ്ടെയ്‌നറര്‍ അടിഞ്ഞത്. ഇതിനുപിന്നാലെ കൊല്ലം ചവറയിലെ പരിമണം തീരത്തും ശക്തികുളങ്ങരയിലും കണ്ടെയ്‌നറുകള്‍ അടിഞ്ഞു. ചവറയിലും ശക്തികുളങ്ങരയിലും മൂന്ന് കണ്ടെയ്‌നറുകളാണ് തീരത്തടിഞ്ഞത്. ശക്തികുളങ്ങരയിലെ മദാമ്മ തോപ്പിലാണ് മൂന്ന് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. നീണ്ടകര ആല്‍ത്തറമൂട് ഭാഗത്തും കണ്ടെയ്‌നര്‍ കണ്ടെത്തി.
വിദഗ്ധസംഘവും കസ്റ്റംസും അടക്കം ഇവിടങ്ങളില്‍ പരിശോധനയ്ക്ക് ഉടനെത്തും. മത്സ്യത്തൊഴിലാളികളാണ് കണ്ടെയ്‌നറുകള്‍ തീരത്ത് അടിഞ്ഞത് ആദ്യം കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ആലപ്പുഴയിലെ തീരദേശത്തും കണ്ടെയ്‌നറുകള്‍ അടിയാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. കണ്ടെയ്‌നറുകളില്‍ ചിലതിന്റെ ഡോര്‍ തുറന്ന നിലയിലാണ്. പരിശോധനയ്ക്കുശേഷമായിരിക്കും കണ്ടെയ്‌നറുകളിലെ വസ്തുക്കളുടെ കാര്യത്തിലടക്കമുള്ള വിവരങ്ങള്‍ ലഭിക്കുക.
കണ്ടെയ്‌നറുകള്‍ കണ്ടാല്‍ അറിയിക്കണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്. എംഎസ്എസി എല്‍സ -3 എന്ന കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാല്‍ ദയവായി തൊടരുത്, അടുത്ത് പോകരുത്, അപ്പോള്‍ തന്നെ 112 ല്‍ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്‍ക്കാന്‍ ശ്രദ്ധിക്കുക. കൂട്ടം കൂടി നില്‍ക്കരുത്. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നില്‍ക്കുവാന്‍ ശ്രദ്ധിക്കുക. പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.