മാനസിക ബുദ്ധിമുട്ട് മൂലം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ എന്‍എച്ച്എസ് ജീവനക്കാര്‍ തന്നെ നിയന്ത്രിച്ച്, തടങ്കലില്‍ ആക്കണമെന്ന പുതിയ പദ്ധതിക്കെതിരെ ആരോഗ്യ പ്രവര്‍ത്തകരുടെ യൂണിയന്‍. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെ പൊലീസ് സെല്ലില്‍ നിന്ന് മാറ്റി എന്‍എച്ച്എസ് ആരോഗ്യപ്രവര്‍ത്തകരുടെ പരിചരണത്തിലാക്കിയുള്ള മാറ്റങ്ങള്‍ തെരേസ മേ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത്തരക്കാര്‍ അക്രമാസക്തരാകുന്നുവെന്നത് ഞെട്ടിക്കുന്ന സത്യമാണ്. അപകട സാധ്യത കണക്കിലെടുത്ത് പൊലീസ് സാന്നിധ്യമുണ്ടാകണമെന്നാണ് റോയല്‍ കോളജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്, റോയല്‍ കോളജ് ഓഫ് നഴ്‌സിങ്, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എട്ടു സംഘടനകള്‍ ആവശ്യപ്പെടുന്നത്.
പലപ്പോഴും ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. മാനസിക ആരോഗ്യ നില വളരെ മോശമായതിലൂടെ അവരവരേയും, മറ്റുള്ളവരെയും അപകടത്തിലാക്കുന്ന നിലവന്നാല്‍ പോലീസ് ബലം പ്രയോഗിക്കുന്ന വര്‍ഷങ്ങളായി നിലനില്‍ക്കുന്ന രീതി മാറ്റാനാണ് മുന്‍ പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ട് വെയ്ക്കുന്ന പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ ഈ മാറ്റം മാനസിക ആരോഗ്യ ജീവനക്കാരെ അപകടത്തിലാക്കുകയും, രോഗികളുമായുള്ള ബന്ധം തകരാറിലാക്കുകയും ചെയ്യുമെന്നാണ് എട്ട് മെഡിക്കല്‍ ഗ്രൂപ്പുകളുടെ സഖ്യവും, ആംബുലന്‍സ് മേധാവികളും, സോഷ്യല്‍ വര്‍ക്ക് മേധാവികളും ചൂണ്ടിക്കാണിക്കുന്നത്. മാനസിക രോഗവുമായി ബന്ധപ്പെട്ട 999 കോളുകളോട് പ്രതികരിക്കേണ്ടതില്ലെന്ന് 2023-ല്‍ മെട്രോപൊളിറ്റന്‍ പോലീസ് എടുത്ത തീരുമാനം വിവാദം സൃഷ്ടിച്ചിരുന്നു.
തെരേസ മേയും, രണ്ട് മുന്‍ ആരോഗ്യ മന്ത്രിമാരും ചേര്‍ന്ന് ആവശ്യപ്പെടുന്ന ഭേദഗതികള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പാസായാല്‍ മാനസികരോഗ പ്രശ്‌നങ്ങള്‍ നേരിടുന്നവരെ നിയന്ത്രിച്ച്, തടങ്കലില്‍ ആക്കാന്‍ പോലീസിന് പകരം മെന്റല്‍ ഹെല്‍ത്ത് നഴ്‌സുമാരും, സൈക്യാട്രിസ്റ്റുകളും, മറ്റ് ഡോക്ടര്‍മാരുമാണ് വരേണ്ടത്. എന്നാല്‍ ഈ നീക്കം അപകടകരമാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും, റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റും, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ഉള്‍പ്പെടെ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.