'നരിവേട്ട'യെ പ്രശംസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയുമായി മാനേജര്‍
നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന മാനേജരുടെ പരാതിയില്‍ കേസെടുത്തു പൊലീസ്. ടോവിനോ ചിത്രം നരിവേട്ട സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനാലാണ് തന്നെ മര്‍ദിച്ചതെന്നാണ് മാനേജറുടെ പരാതി. കാക്കനാട്ടെ ഫ്ലാറ്റില്‍ വച്ചായിരുന്നു മര്‍ദനം. പ്രഫഷനല്‍ മാനേജര്‍ വിപിന്‍ കുമാര്‍ ഇന്‍ഫോപാര്‍ക്ക് പൊലീസിലാണ് പരാതി നല്‍കിയത്. വിപിനെ ഉണ്ണി മുകുന്ദന്‍ കരണത്തടിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്.
ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷമാണ് മാനേജര്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. വിശദമായി മൊഴിയെടുത്ത് പരാതിയില്‍ വ്യക്തത തേടുകയാണ് പോലീസ്.
മാര്‍ക്കോ എന്ന വലിയ വിജയം നേടിയ ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദന്‍ നായകനായി വന്ന ഗെറ്റ് സെറ്റ് ബേബി വന്‍ പരാജയമായി മാറിയെന്നും അന്നുമുതല്‍ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണെന്നും വിപിന്‍ പരാതിയില്‍ പറഞ്ഞു. ആ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമായി ഉണ്ണി മുകുന്ദന്‍ അസ്വാരസ്യത്തിലാണ്. ഉണ്ണി മുകുന്ദന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍നിന്ന് നിര്‍മാതാക്കളായ ശ്രീഗോകുലം മൂവീസ് പിന്മാറി. ഇത് താരത്തിന് വലിയ ഷോക്കായെന്നും പരാതിയില്‍ ആരോപിക്കുന്നത്. തന്റെ ഫ്‌ളാറ്റില്‍ വന്ന് പാര്‍ക്കിംഗ് ഏരിയയില്‍ വിളിച്ച് വരുത്തിയാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി.
തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിന്റെ അസഹിഷ്ണുതയാണ് ഉണ്ണി മുകുന്ദനെന്നാണ് മാനേജര്‍ വിപിന്‍ പ്രതികരിച്ചത്. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിന്‍ ചൂണ്ടിക്കാണിച്ചു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയുമെന്നും പൊലീസിന് വിശദമനായ മൊഴിനല്‍കിയിട്ടുണ്ടെന്നും വിപിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എഎംഎംഎ, ഫെഫ്ക അടക്കമുള്ള സിനിമാ സംഘടനകള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് വിപിന്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ പ്രതികരിക്കാന്‍ ഉണ്ണി മുകുന്ദന്‍ തയാറായിട്ടില്ല.