തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വക്കം ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്‍ (25), ആകാശ് (22) എന്നിവരാണ് മരിച്ചത്. നാല് മൃതദേഹങ്ങളും തൂങ്ങിയ നിലയിലായിരുന്നു.
ഇന്ന് രാവിലെ ഇവിടെയെത്തിയ നാട്ടുകാരാണ് സംഭവം കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. കടയ്ക്കാവൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കുടുംബത്തിന് കടബാദ്ധ്യത ഉള്ളതായി അയല്‍വാസികള്‍ പറയുന്നുണ്ട്. അതേസമയം തന്നെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള കടം ഉണ്ടായിരുന്നതായോ മറ്റെന്തെങ്കിലും വിഷയമാണോ എന്നത് അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വലിയ ഹാളില്‍ നാലുമൂലകളിലായി തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍. പോലീസിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. മക്കളില്‍ ഒരാള്‍ ബികോം ബിരുദധാരിയും രണ്ടാമത്തെയാള്‍ ബിടെക് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമാണ്. ഏറെ സന്തോഷകരമായി ജീവിച്ചിരുന്ന കുടുംബമായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു. ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി സൂചനകളുണ്ട്. പക്ഷേ ഇതുമായി ബന്ധപ്പെട്ട വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. ബാങ്കുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണപ്പണയവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.