കേരളത്തിലടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ കണക്കുകള്‍ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ മാത്രമണ് ചേര്‍ത്തിട്ടുള്ളത്. രാജ്യത്താകെയുള്ള രോഗ വ്യാപനം സംബന്ധിച്ച പുതിയ കണക്ക് മന്ത്രാലയം ഉടനെ പുറത്തുവിട്ടേക്കും.
പല സംസ്ഥാനങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കേരളം കൂടാതെ മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, പഞ്ചാബ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 519 ആക്ടീവ് കോവിഡ് കേസുകളും, 3 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. മഹാരാഷ്ട്രയില്‍ 86 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകള്‍ 383 ആയി. 6 കോവിഡ് മരണങ്ങളും മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചണ്ഡീഗഡില്‍ നാല്‍പത് വയസുള്ള യുപി സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. കര്‍ണാടകത്തില്‍ 26 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകള്‍ 126 ആയി ഉയര്‍ന്നു. ഹരിയാനയില്‍ 12 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. അരുണാചല്‍ പ്രദേശിലും ഈ വര്‍ഷത്തെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, സംസ്ഥാനത്ത് ചെറിയ തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രിശോധനാ സംവിധാനങ്ങളും ആവശ്യമായ മരുന്നുകളും ഉറപ്പുവരുത്തിയിട്ടുണ്ട്. ആകെ കോവിഡ് ആക്ടീവ് കേസുകള്‍ 727 ആണ്. കൂടുതല്‍ കേസുകളുള്ളത് കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ജില്ലകളിലാണ്. കോവിഡ് കേസുകളുടെ വര്‍ധന ആരോഗ്യ വകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള വര്‍ധനവുണ്ടായാല്‍ ആവശ്യമായിട്ടുള്ള ആശുപത്രി കിടക്കകളും ഐസിയു കിടക്കകളും മറ്റും ക്രമീകരിച്ചിട്ടുണ്ട്. ഓക്സിജന്‍ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.
.