രാജ്യത്ത് നിലവില്‍ 3758 പേര്‍ കോവിഡ് ബാധിതരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതില്‍ 1400 കോവിഡ് കേസുകള്‍ കേരളത്തിലാണെന്നും കണക്കുകള്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളുടെ വര്‍ധനവില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ കണക്ക് പ്രകാരം 506 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും കോവിഡ് കേസുകളില്‍ വര്‍ധനവുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്ത് ചെറിയ തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരിശോധനാ സംവിധാനങ്ങളും ആവശ്യമായ മരുന്നുകളും ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടുതല്‍ കേസുകളുള്ളത് കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ജില്ലകളിലാണ്. കോവിഡ് കേസുകളുടെ വര്‍ധന ആരോഗ്യ വകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള വര്‍ധനവുണ്ടായാല്‍ ആവശ്യമായിട്ടുള്ള ആശുപത്രി കിടക്കകളും ഐസിയു കിടക്കകളും മറ്റും ക്രമീകരിച്ചിട്ടുണ്ട്. ഓക്സിജന്‍ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.