നാട്ടുവാര്‍ത്തകള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പീഡനക്കേസുകള്‍ അവസാനിപ്പിക്കുന്നു

മലയാള സിനിമയെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ അവസാനിപ്പിക്കുന്നു. താരങ്ങള്‍ക്കും സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും എതിരെ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇതോടെ 35 കേസുകളാണ് പൊലീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ല. അതേസമയം ഇതിനോടകം 21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക സംഘം റിപ്പോര്‍ട്ട് നല്‍കി. ബാക്കി കേസുകള്‍ ഈ മാസം അവസാനിപ്പിക്കുമെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്.

മലയാള സിനിമയെ ഒന്നടങ്കം പിടിച്ചുലച്ചാണ് സര്‍ക്കാര്‍ നിയോഗിച്ച ഹേമകമ്മിറ്റി റിപ്പോ‍ര്‍ട്ടിന്റെ ഭാഗങ്ങള്‍ പുറത്തുവന്നത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന പരാതികളില്‍ പല നടന്മാരും കുടുങ്ങിയിരുന്നു. തൊഴിലടത്തുണ്ടായ തിക്താനുഭവങ്ങളും സിനിമയില്‍ അവസരം ലഭിക്കാല്‍ നേരിടേണ്ട വന്ന ദുരിതാനുഭവങ്ങളും വിവരിക്കുന്ന മൊഴികള്‍ പുറത്ത് വന്നത് മലയാള സിനിമയെ ഞെട്ടിക്കുന്നതായിരുന്നു.

കമ്മിറ്റി ശുപാര്‍ശകള്‍ക്ക് പിന്നാലെ മോശം അനുഭവങ്ങളുണ്ടായവര്‍ പരാതിയുമായി വന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കമ്മിറ്റിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് 35 കേസുകള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തത്. ക്രൈം ബ്രാ‌‌‌ഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രത്യേക സംഘത്തിലെ വിവിധ അംഗങ്ങള്‍ക്ക് നല്‍കി. മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നായിരുന്നു നോട്ടീസിന് നല്‍കിയ മറുപടി.

കോടതി മുഖേനയും മൊഴി നല്‍കിവര്‍ക്ക് നോട്ടീസ് അയച്ചു. കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകരായ സ്ത്രീകള്‍ മൊഴി നല്‍കിയതോടെ 21 കേസുകളുടെ തുടര്‍ നടപടിയും അവസാനിപ്പിച്ച് കോടതിക്ക് പ്രത്യേക സംഘം റിപ്പോര്‍ട്ട് നല്‍കി. ബാക്കി 14 കേസുകളിലും ഇതേ നിലപാടാണ് മൊഴി നല്‍കിയവര്‍ ആവര്‍ത്തിച്ചത്. ചിലര്‍ കോടതിയില്‍ മൊഴി നല്‍കാന്‍ വിമുഖത കാണിച്ചു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റിപ്പോര്‍ട്ട് ഈ മാസം കോടതിയില്‍ നല്‍കുന്നതോടെ ഹേമകമ്മിറ്റിയില്‍ എടുത്ത എല്ലാ കേസുകളും അവസാനിക്കും.

മാധ്യമങ്ങള്‍ ആഴ്ചകളോളം ആഘോഷിച്ച വിഷയമായിരുന്നു ഇത്. താര സംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരെ കേസ് വന്നതോടെ 'അമ്മ' ഭരണസമിതി ഒന്നടങ്കം രാജിവച്ചിരുന്നു. പരാതിക്കാര്‍ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാവുകയും ചിലര്‍ വ്യാജ പരാതികളുമായി വരുകയും ചെയ്തതോടെ വിഷയം വഴിമാറി.

പല പ്രമുഖരുടെയും പേരുകളും വിവരങ്ങളും ഉള്‍പ്പെടുന്ന പേജുകള്‍ ഒഴിവാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു പുറത്തുവിട്ടത് തന്നെ. വിഷയം സിനിമാ സംഘടനകാലിലെ ഭിന്നതയ്ക്കും കാരണമായിരുന്നു.

  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions