ഭാഷാ വിവാദത്തില്‍ നടന്‍ കമല്‍ ഹാസനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. കമല്‍ ഹാസന്‍ നടത്തിയ പരാമര്‍ശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നും ജനങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ അവകാശമില്ലെന്നും കോടതി പറഞ്ഞു. കമല്‍ ഹാസന്‍ മാപ്പു പറയുന്നതാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചു.
തമിഴില്‍ നിന്നാണ് കന്നഡയുടെ ഉല്‍പത്തി എന്നായിരുന്നു കമല്‍ ഹാസന്‍ നടത്തിയ പരാമര്‍ശം. എന്നാല്‍ എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമര്‍ശം താരം നടത്തിയതെന്ന് ജസ്റ്റിസ് നാഗ പ്രസന്ന ചോദിച്ചു. ക്ഷമാപണം കൊണ്ട് പരിഹരിക്കേണ്ട വിഷയം കോടതിയില്‍ വരെ എത്തിച്ചെന്നും ഈ മനോഭാവം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കമല്‍ ഹാസന്‍ ഒരു സാധാരണ വ്യക്തിയല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഒരു വിഭാഗത്തിന്റെ വികാരം വൃണപെടുത്തിയല്ല ആവിഷ്കാര സ്വാതന്ത്ര്യം കാണിക്കേണ്ടതെന്നും ജസ്റ്റീസ് നാഗപ്രസന്ന പറഞ്ഞു.
ജലം, ഭൂമി, ഭാഷ ഇവ പൗരന്മാരുടെ വികാരമാണ്, അതിനാല്‍ ഒരാള്‍ക്കും ഇത്തരം വികാരങ്ങളെ വ്രണപ്പെടുത്താന്‍ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. നിങ്ങള്‍ ക്ഷമ ചോദിക്കുന്നില്ലെങ്കില്‍ എന്തിനാണ് സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കണം എന്ന വാശിയെന്നും കോടതി ചോദിച്ചു. കര്‍ണാടകയില്‍ നിന്നും കോടികള്‍ സമ്പാദിച്ചിട്ടുണ്ട്. ജനങ്ങളെ വേണ്ടെങ്കില്‍ ആ പണവും ഒഴിവാക്കണമെന്നും കോടതി പറഞ്ഞു.
കര്‍ണാടകയിലെ റിലീസിന് അനുമതി തേടി കമല്‍ ഹാസന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചത്. തഗ് ലൈഫ് പ്രദര്‍ശനം നിരോധിച്ചത് നിയമ വിരുദ്ധമാമെന്നും സിനിമ റിലീസിന് സംരക്ഷണം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയില്‍ കമല്‍ ഹാസന്റെ വാദം. കന്നഡ ഭാഷയുടെ ഉത്ഭവിച്ചത് തമിഴില്‍ നിന്നാണെന്ന കമല്‍ ഹാസന്റെ സമീപകാല പരാമര്‍ശമാണ് വിവാദമായത്. തുടര്‍ന്ന് സിനിമയ്ക്ക് സംസ്ഥാനത്ത് നിരോധനം ആവശ്യപ്പെട്ട് വിവിധ കന്നഡ അനുകൂല സംഘടനകളില്‍ നിന്നുള്ള ആഹ്വാനങ്ങള്‍ക്കും ഭീഷണികള്‍ക്കുമിടയിലാണ് താരം കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.