ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷമായിട്ടും കേരള സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്ന് വിമര്‍ശിച്ച നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. വിഷയത്തില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് സജി ചെറിയാന്‍ പറഞ്ഞു. അതേസമയം നടപടികള്‍ വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ദിവസമായിരുന്നു വിമര്‍ശനവുമായി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയത്.
മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്താണ് ഹേമാ കമ്മിറ്റി രൂപീകരിച്ചതെന്ന് പറഞ്ഞ സജി ചെറിയാന്‍ സിനിമാ നയത്തിനായി അടുത്ത മാസം കോണ്‍ക്ലേവ് വിളിക്കുമെന്നും പറഞ്ഞു. ഇതൊന്നും അറിയാത്തവരല്ല ചില കമന്റുകള്‍ ഇറക്കുന്നതെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി.
ഇരകള്‍ മൊഴിനല്‍കാന്‍ വിസമ്മതിക്കുന്നതിനാല്‍ സിനിമാ മേഖലയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം പൊലീസ് നിര്‍ത്തിവയ്ക്കുകയാണെന്ന വാര്‍ത്ത പങ്കുവച്ചായിരുന്നു പാര്‍വതി സമൂഹമാധ്യമത്തില്‍ വിമര്‍ശനം നടത്തിയത്. 'ഈ കമ്മിറ്റി രൂപീകരിച്ചതിന്റെ യഥാര്‍ഥ കാരണത്തിലേക്ക് ഇനി ശ്രദ്ധ നല്‍കാമോ? സിനിമ മേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സഹായകമായ നയങ്ങള്‍ക്കു രൂപം നല്‍കുന്ന കാര്യത്തില്‍ എന്താണു നടക്കുന്നത് ? തിരക്കൊന്നുമില്ല അല്ലേ? റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചര വര്‍ഷമല്ലേ ആയുള്ളൂ.' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിനെ പരാമര്‍ശിച്ച് പാര്‍വതി തിരുവോത്ത് കുറിച്ചത്.
പാര്‍വതിക്ക് കൂടുതല്‍ ഉത്തരവാദിത്വം കാണിക്കാമായിരുന്നു എന്നും പരിഹാസത്തിന് പ്രസക്തിയുണ്ടോ എന്ന് ഉറക്കെ ചിന്തിക്കുന്നു എന്നും മാല പാര്‍വതിയും പ്രതികരിച്ചിരുന്നു.