തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി (ബിജു ജനതാദള്‍) മുന്‍ എംപി പിനാകി മിശ്രയാണ് വരന്‍. ജര്‍മനിയില്‍ നടന്ന ലളിതമായ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരുടെ വിവാഹ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മേയ് മൂന്നിനായിരുന്നു വിവാഹം.
പാര്‍ലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളിലൂടെയാണ് മഹുവ പ്രശസ്തയാകുന്നത്. 1974 ഒക്ടോബര്‍ 12ന് അസമില്‍ ജനിച്ച മഹുവ, ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 2010ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തി. 2019, 2024 തിരഞ്ഞെടുപ്പുകളില്‍ പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചു. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് മഹുവ അയോഗ്യയാക്കപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ച് പാര്‍ലമെന്റിലെത്തി.
ഒഡിഷയിലെ പുരി മണ്ഡലത്തില്‍ എംപിയായിരുന്നു പിനാകി മിശ്ര. പുരി സ്വദേശിയും മുതിര്‍ന്ന അഭിഭാഷകനുമാണ് പിനാകി മിശ്ര. 1959 ഒക്ടോബര്‍ 23നാണ് ജനനം. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച മിശ്ര പിന്നീട് ബിജു ജനതാദളില്‍ ചേരുകയായിരുന്നു. 2009, 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പുരി മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.
അതേസമയം, വിവാഹവാര്‍ത്ത മഹുവയോ പിനാകിയോ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. മഹുവ മൊയ്ത്ര മുന്‍പ് ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാര്‍സ് ബ്രോർസനെ വിവാഹം കഴിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് വിവാഹമോചനം നേടി. പിന്നീട് മൂന്ന് വര്‍ഷത്തോളം അഭിഭാഷകന്‍ ജയ് അനന്ത് ദെഹാദ്രായിയുമായി ബന്ധത്തിലായിരുന്നു. ഉപേക്ഷിക്കപ്പെട്ട മുന്‍ കാമുകന്‍ എന്നാണ് മഹുവ ഇദ്ദേഹത്തെ പിന്നീട് വിശേഷിപ്പിച്ചത്.