മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ പേരില്‍ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പുപരാതിയില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് നോട്ടിസ് നല്‍കി പൊലീസ്. 14 ദിവസത്തിനകം ഹാജരാകണം എന്ന ആവശ്യപ്പെട്ടാണ് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ അന്വേഷണം തുടരാം എന്ന ഹൈക്കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് പൊലീസ് നടപടി.
സിനിമയുടെ നിര്‍മ്മാതാക്കളായ പറവ ഫിലിംസിന്റെ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സിനിമയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പും വഞ്ചനയും നടത്തി എന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വന്‍ വിജയം നേടിയ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ മുടക്കുമുതലും ലാഭവിഹിതവും പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് നല്‍കിയ പരാതിയിലാണ് പുതിയ നടപടി.
ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നല്‍കാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ വഞ്ചിച്ചു എന്നായിരുന്നു പരാതി. ഏഴു കോടി രൂപ ചിത്രത്തിനായി താന്‍ മുതല്‍ മുടക്കിയെന്നും 2022 നവംബര്‍ 30ന് ഒപ്പുവച്ച കരാര്‍ അനുസരിച്ച് ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ 40 ശതമാനം തനിക്ക് നല്‍കണമെന്നുമായിരുന്നു കരാര്‍ എന്ന് സിറാജ് പറയുന്നു. എന്നാല്‍ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ഇത് പാലിച്ചില്ല എന്നു കാട്ടി സിറാജ് കോടതിയെ സമീപിച്ചു. തുടര്‍ന്ന് അന്വേഷണത്തിന് കോടതി ഉത്തരവിടുകയും മരട് പൊലീസ് സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ട് എന്നു കാട്ടി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.