യുകെയില്‍ ഈയാഴ്ച ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ മാസം ലഭിച്ച മഴയുടെ അത്രയും അളവില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. യുകെയുടെ തെക്കന്‍ ഭാഗങ്ങളില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഏകദേശം 30 മില്ലിമീറ്റര്‍ മഴ പെയ്യുമെന്നും, പകല്‍ സമയത്ത് 50 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം ഇംഗ്ലണ്ടില്‍ 32.8 മില്ലിമീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇത് ഒരു മാസത്തിലെ സാധാരണ ശരാശരിയുടെ നേര്‍ പകുതിയാണ്. ശനിയാഴ്ച കൂടുതല്‍ ശക്തമായ തോതില്‍ കനത്ത മഴയും, ആലിപ്പഴ വര്‍ഷവും ഇടിമിന്നലും ഉണ്ടാകാനും തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെളളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഈ മാസം ഒന്ന് മുതല്‍ 3 വരെ ഇതിനകം 10.7 മില്ലിമീറ്റര്‍ മഴ പെയ്തിട്ടുണ്ട്. മെയ് മാസത്തില്‍ യുകെയില്‍ രേഖപ്പെടുത്തിയ 50.9 മില്ലിമീറ്ററിന്റെ അഞ്ചിലൊന്നാണ് ഇത്.
ഞായറാഴ്ച അതേ സമയം വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. തിങ്കളാഴ്ച വടക്കന്‍ ഇംഗ്ലണ്ടില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദമാണ് ഇതിന് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. നാളെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ചില സ്ഥലങ്ങളില്‍ 20 മില്ലിമീറ്റര്‍ മുതല്‍ 30 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ദേശീയപാതകളുടെ ഡ്യൂട്ടി മാനേജര്‍ ലൂക്ക് ഹിന്‍ഡില്‍ ഡ്രൈവര്‍മാരോട് ശ്രദ്ധിച്ച് യാത്ര ചെയ്യണെമന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മഴ കാരണം റോഡിന്റെ ഉപരിതലം വഴുക്കല്‍ ഉളളതായി മാറുന്നതിനാല്‍ അതീവ ശ്രദ്ധ വേണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്.
അടുത്ത ആഴ്ച താപനില ഈ വര്‍ഷത്തെ ശരാശരിയേക്കാള്‍ ഉയരും. അടുത്ത ബുധനാഴ്ച ലണ്ടനില്‍ 25 ഡിഗ്രി സെല്‍ഷ്യസും മാഞ്ചസ്റ്ററില്‍ 23 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും ചൂട്.