വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ടോം ചാക്കോയെയും അമ്മയേയും തൃശൂരിലെത്തിച്ചു; പിതാവിന്റെ സംസ്‌കാരം പിന്നീട്
സേലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ടോം ചാക്കോയെയും അമ്മ മരിയയെയും വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ സണ്‍ ആശുപത്രിയില്‍ എത്തിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലന്‍സില്‍ നാട്ടിലെത്തിച്ചത്. ഷൈനിന്റെ ഇടതു കൈക്ക് പൊട്ടലുണ്ട്.
അപകടത്തില്‍ തലക്ക് പരിക്കേറ്റ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചിരുന്നു. ധര്‍മപുരി ഗവ. മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചാക്കോയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്നലെ രാത്രിയോടെ തന്നെ മൃതദേഹവും നാട്ടിലെത്തിച്ചു. വിദേശത്തുള്ള പെണ്‍മക്കള്‍ കൂടി എത്തിയശേഷമാകും സംസ്‌കാരമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുമ്പില്‍ പോയ ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ധര്‍മപുരിയ്ക്ക് അടുത്ത് പാല്‍കോട്ട് എന്ന സ്ഥലത്ത് വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. ഷൈനിന്റെ ചികിത്സാര്‍ത്ഥം ബെംഗളൂരു പോയി മടങ്ങവേയാണ് അപകടമുണ്ടായത്.