ആദ്യമായി പിതാവാകുന്നവര്‍ക്ക് ശമ്പളത്തോട് കൂടി കൂടുതല്‍ അവധി നല്‍കണമെന്ന് വിമെന്‍ ആന്‍ഡ് ഇക്വാലിറ്റീസ് കമ്മിറ്റി. യുകെയില്‍ പിതൃത്വ അവധി സമ്പ്രദായത്തില്‍ മാറ്റം വേണമെന്നാണ് ആവശ്യം. യുകെയിലെ സ്റ്റാറ്റ്യൂട്ടറി പാരന്റല്‍ ലീവ് നയം കടുത്ത വിമര്‍ശനങ്ങള്‍ ആണ് നേരിടുന്നത്. നിലവില്‍ യുകെയിലെ ലീവ് സമ്പ്രദായം വികസിത രാജ്യങ്ങളില്‍ സ്വീകരിച്ചിരിക്കുന്നതില്‍ ഏറ്റവും മോശം ആണെന്നാണ് വിമെന്‍ ആന്‍ഡ് ഇക്വാലിറ്റീസ് കമ്മിറ്റി വിമര്‍ശിച്ചിരിക്കുന്നത്.
2003-ല്‍ അവതരിപ്പിച്ച സ്റ്റാറ്റ്യൂട്ടറി പിതൃത്വ അവധി, മിക്ക പുതിയ അച്ഛന്മാര്‍ക്കും രണ്ടാമത് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്ന ദമ്പതികള്‍ക്കും രണ്ടാഴ്ച വരെ മാത്രമേ അവധി നല്‍കുന്നുള്ളൂ. ഈ സമയത്തെ ശമ്പള പരിധി ആഴ്ചയില്‍ 187.18 പൗണ്ട് അല്ലെങ്കില്‍ അവരുടെ ശരാശരി വരുമാനത്തിന്റെ 90% ആയി പരിമിതപ്പെടുത്തിയിട്ടും ഉണ്ട്. ഇത് ദേശീയ ജീവിത വേതനത്തിന്റെ പകുതിയില്‍ താഴെയാണ്.
സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികളെയും ആഴ്ചയില്‍ 123- പൗണ്ടില്‍ താഴെ വരുമാനമുള്ളവരെയും ഈ പാരന്റല്‍ ലീവ് നയത്തില്‍ നിന്ന് ഒഴിവാക്കിയിട്ടും ഉണ്ട്. ഈ സഹചാര്യത്തില്‍ നിലവിലെ നയത്തില്‍ നിന്ന് മാറ്റങ്ങള്‍ സ്വീകരിക്കണം എന്ന് വിമെന്‍ ആന്‍ഡ് ഇക്വാലിറ്റീസ് കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലെ സമ്പ്രദായത്തില്‍ ചെറിയ തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനും വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണ്. ജോലി ചെയ്യുന്ന കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ബിസിനസ് ആന്‍ഡ് ട്രേഡ് വകുപ്പ് അറിയിച്ചു.
യുകെയിലെ പിതൃത്വ അവധി സമ്പ്രദായം നിലവിലെ ജീവിത ചെലവുമായി പൊരുത്തപ്പെടാത്തതാണെന്നാണ് വിമെന്‍ ആന്‍ഡ് ഇക്വാലിറ്റീസ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. പിതൃത്വ വേതനം 90% അല്ലെങ്കില്‍ അതില്‍ കൂടുതലായി ഉയര്‍ത്താനും ഘട്ടം ഘട്ടമായി കൊണ്ടുവരുന്ന മാറ്റത്തിര്‍ ലീവുകള്‍ ആറ് ആഴ്‌ചകള്‍ വരെ നീട്ടാനും വിമെള്‍ ആള്‍ഡ് ഇക്വാലിറ്റീസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2003 മുതല്‍ യുകെയിലെ പിതാക്കന്മാര്‍ക്ക് നിയമപരമായ അവകാശങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. സ്പെയിനില്‍ പൂര്‍ണ്ണ ശമ്പളത്തോടെ 16 ആഴ്ച അവധിയുണ്ട് . ഫ്രാന്‍സില്‍ 28 ദിവസം, സ്വീഡനില്‍ - 480 ദിവസം പങ്കിട്ട അവധി, പിതാവിന് 90 ദിവസം അവധി എന്നിങ്ങനെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ യുകെയിലെ നിലവിലെ നിയമത്തില്‍ മാറ്റം കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.