ലണ്ടന്‍: പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാന്‍ സഹായിക്കുന്ന യുകെയിലെ പ്രവാസി മലയാളികളുടെ സര്‍ക്കാര്‍ പദ്ധതിയില്‍ യുകെയെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമാകുന്നു. യുകെയിലെ ലോക കേരള സഭ അംഗങ്ങള്‍ ഈ വിഷയം രേഖാമൂലം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസത്തില്‍ അന്തരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നിലവിലുള്ള പദ്ധതിയെ യുകെയെ കൂടി ഉള്‍പ്പെടുത്തി വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ലോക കേരള സഭയുടെ യുകെ ഘടകം ആവശ്യപ്പെട്ടു.
നിലവില്‍ കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സിന്റെ മേല്‍നോട്ടത്തില്‍ എയര്‍ ഇന്ത്യയുമായി സഹകരിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വിദേശ രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരു സഹായ പദ്ധതി നടപ്പാക്കുന്നുണ്ട്. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. നോര്‍ക്ക റൂട്ട്‌സിന്റെ അടിയന്തര ആംബുലന്‍സ് സേവനം മുഖേന മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിലും സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ട്.
എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ പോലെ തന്നെ യുകെയിലും വലിയൊരു മലയാളി സമൂഹം ആരോഗ്യരംഗം, സോഷ്യല്‍ വര്‍ക്ക്, വിദ്യാഭ്യാസം, അതിഥി സേവനം, ബിസിനസ്, ഐടി., തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി വിദ്യാര്‍ത്ഥികളും യുവപ്രവാസികളും സ്ഥിര താമസക്കാരായ കുടുംബങ്ങളും ഇവിടെയുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മരണം സംഭവിച്ചാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ചെലവും നടപടിക്രമങ്ങളും കുടുംബങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടായി മാറും. പ്രാദേശിക സാമൂഹിക സംഘടനകളുടെയോ എംബസിയുടെയോ സഹായം ലഭിക്കാത്തവര്‍ക്ക് ഇത് ഏറെ പ്രയാസകരമാണ്. ഈ കാരണങ്ങളാല്‍ ഈ പ്രവാസി പദ്ധതി യുകെയിലേക്കും വ്യാപിപ്പിക്കണമെന്ന് ലോക കേരള സഭ (യുകെ) ആവശ്യപ്പെട്ടു.
നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ എയര്‍ലൈന്‍ കമ്പനികളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കണമെന്നും അപേക്ഷ സമര്‍പ്പിക്കാനും സഹായം ലഭിക്കാനും നോര്‍ക്കയുടെ വെബ്സൈറ്റ്, ഹെല്‍പ്ലൈന്‍ എന്നിവ വഴി സൗകര്യമൊരുക്കണമെന്നും ലോക കേരള സഭയുടെ അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഇത് വളരെ നിസ്സഹായാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സഹായമാണെന്നും സംസ്ഥാനത്തിന്റെ പ്രവാസി ക്ഷേമ പ്രതിബദ്ധത ഇതിലൂടെ വീണ്ടും തെളിയിക്കപ്പെടുമെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് വേണ്ടി നോര്‍ക്കയുടെ സിഇഒയും ലോക കേരള സഭ യുകെ അംഗങ്ങളും മറ്റു പ്രധാന പങ്കാളികളും പങ്കെടുക്കുന്ന ഒരു യോഗം വിളിച്ചുചേര്‍ക്കണമെന്ന് അംഗങ്ങളായ പ്രൊഫ. ജിന്‍ ജോസ്, വിശാല്‍ ഉദയ കുമാര്‍, ലജീവ് രാജന്‍, ആഷിക്ക് മുഹമ്മദ്, കുരിയന്‍ ജേക്കബ്, അഡ്വ. ദിലീപ് കുമാര്‍, ഡോ. ബിജു പെരിങ്ങത്തറ, ലൈന് വര്‍ഗീസ്, ഷൈമോന്‍ തോട്ടുങ്കല്‍, ജോബിന്‍ ജോസ്, സുനില്‍ മലയില്‍, ജയന്‍ എടപ്പാള്‍, ജോജി കുര്യാക്കോസ്, എസ്. ശ്രീകുമാര്‍, സ്മിത ദിലീഫ്, സി. എ. ജോസഫ്, ജയപ്രകാശ് എന്നിവര്‍ ആവശ്യപ്പെട്ടു.