പടിയൂര്‍ ഇരട്ടക്കൊലപാതക കേസ്; പ്രതി പ്രേംകുമാര്‍ കേദാര്‍നാഥില്‍ മരിച്ച നിലയില്‍
തൃശൂര്‍: പടിയൂര്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ കോട്ടയം സ്വദേശി പ്രേംകുമാര്‍ (46) മരിച്ച നിലയില്‍. പടിയൂര്‍ സ്വദേശി മണി (74), മകള്‍ രേഖ (43) എന്നിവര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഇയാള്‍. സംഭവത്തില്‍ രേഖയുടെ രണ്ടാം ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമകേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ പ്രേംകുമാര്‍ ഒളിവില്‍പ്പോയിരുന്നു. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസും പൊലീസ് പുറത്തിറക്കിയിരുന്നു. കേദാര്‍നാഥ് പൊലീസാണ് കേരള പൊലീസിനെ വിവരമറിയിച്ചത്. കൊലക്കേസ് അന്വേഷിക്കുന്ന ഇരിങ്ങാലക്കുട പൊലീസ് സംഘം സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
ജൂണ്‍ ആദ്യവാരമാണ് മണിയും രേഖയും കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. രേഖയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ചും കുറിപ്പ് കണ്ടെത്തി. കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രേംകുമാര്‍ കൊലപാതകം നടത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2019ല്‍ ആദ്യ ഭാര്യയായ ചേര്‍ത്തല സ്വദേശി വിദ്യയെ കൊലപ്പെടുത്തി കാട്ടില്‍ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാര്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഇയാള്‍ തൃശൂര്‍ സ്വദേശിയായ രേഖയെ വിവാഹം ചെയ്തത്.
പടിയൂര്‍ പഞ്ചായത്തിന് സമീപം ഉള്ള വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ മണിയുടെ മറ്റൊരു മകളെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ വന്ന് വീടിന്റെ പിറക് വശത്തെ വാതില്‍ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിന്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. വീടിനുള്ളില്‍ സാധനങ്ങള്‍ അലങ്കോലമായ നിലയില്‍ ആയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രേംകുമാറിനെതിരെ രേഖ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി സഹോദരി പറഞ്ഞു.