അഹമ്മദാബാദ്: മരണത്തിലേക്ക് ഒന്നിച്ചു പറക്കും മുന്‍പ് ജീവിതത്തിന്റെ ലാസ്റ്റ് ഫ്രെയിമിലേക്ക് നിറചിരിയുമായി ഒരു സെല്‍ഫി. ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളും മൂന്നുമക്കളും കണ്ണീരോര്‍മ്മയായി. ലണ്ടനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഡോ. പ്രതീക് ജോഷിയുടെ അടുത്തേക്ക് താമസം മാറാന്‍ വേണ്ടി ഉദയ്പൂരിലെ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച ഡോക്ടര്‍ കോമി വ്യാസിനും അവരുടെ മൂന്ന് മക്കള്‍ക്കും ഇതൊരു പുതിയ തുടക്കമായിരുന്നു. അവരുടെ മുഖത്തെ സന്തോഷം ആ ഫോട്ടോയില്‍ വ്യക്തമായിരുന്നു.
ദുരന്തം സംഭവിച്ച വിമാനത്തില്‍ ഡോ. ജോഷി എടുത്ത സെല്‍ഫിയില്‍ അദ്ദേഹവും ഭാര്യയും ഒരു വശത്ത് പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്നു. മറുഭാഗത്ത് അവരുടെ ഇരട്ടക്കുട്ടികളായ ആണ്‍മക്കളും മൂത്ത മകളും ഇരിക്കുന്നുണ്ട്.
കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നതനുസരിച്ച്, ഡോ. കോമി വ്യാസും ഡോ. പ്രതീക് ജോഷിയും ഉദയ്പൂരിലെ പസഫിക് ഹോസ്പിറ്റലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഡോ. ജോഷി കുറച്ചുകാലം മുന്‍പ് ലണ്ടനിലേക്ക് താമസം മാറിയിരുന്നു. കുടുംബത്തെ കൂട്ടിക്കൊണ്ടുപോകുന്നതിനായി ഈ ആഴ്ച ആദ്യം അദ്ദേഹം രാജസ്ഥാനിലെ ബന്‍സ്വാറയിലേക്ക് വന്നിരുന്നു. ദമ്പതികളുടെ ഇരട്ടക്കുട്ടികളായ നകുല്‍, പ്രദ്യുത് എന്നിവര്‍ക്ക് അഞ്ച് വയസം മകള്‍ മിറയക്ക് എട്ട് വയസുമായിരുന്നു.
പുതിയ നാട്ടില്‍ പുതിയ ജീവിതം തുടങ്ങുന്നതിന്റെ സന്തോഷത്തിലാവണം വിമാനം പറന്നുപൊങ്ങും മുന്‍പ് അഞ്ചംഗ കുടുംബം ഒന്നിച്ചു സെല്‍ഫി പകര്‍ത്തിയത്. വിമാന ദുരന്തത്തിന്റെ ഏറ്റവും വേദനിക്കുന്ന ചിത്രമായി അത് മാറി.