അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ മരിച്ച ലണ്ടനിലെ നഴ്‌സായ പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍. വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനെതിരെയാണ് നടപടി. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്‌റ്റിലും കമന്റിലും രഞ്ജിതയെ ജാതീയമായും ലൈംഗികമായും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം ഉണ്ടായിരുന്നു.
'പവി ആനന്ദാശ്രമം' എന്ന പ്രൊഫൈലില്‍ നിന്നാണ് പവിത്രന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. കമന്റില്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. വിവാദമായതോടെ പോസ്‌റ്റ് നീക്കം ചെയ്തു. ജാതീയമായി അധിക്ഷേപിച്ചാണ് പവിത്രന്‍ ആദ്യം രഞ്ജിതയ്ക്കെതിരെയുള്ള പോസ്‌റ്റ് പങ്കുവച്ചത്. പിന്നാലെ കുറിച്ച കമന്റില്‍ അശ്ലീല ചുവയുള്ള വാക്കുകളുമുണ്ടായിരുന്നു.
പോസ്‌റ്റ് വിവാദമായതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ഉടനെ ഇയാള്‍ പോസ്റ്റ് മുക്കിയെങ്കിലും സ്‌ക്രീന്‍ ഷോട്ട് അടക്കം പ്രചരിച്ചു.
ഹീനമായ നടപടിയാണ് ഡപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും പോസ്‌റ്റ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു എന്നും റവന്യൂ മന്ത്രി കെ രാജന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
ഒട്ടേറെപ്പേര്‍ മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയിരുന്നു.
നേരത്തെ കാഞ്ഞങ്ങാട് എംഎല്‍എയും മുന്‍മന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്‌റ്റിട്ടതിന് ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ഒരു മാസം മുന്‍പാണ് പവിത്രന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചത്.
കേരള സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തില്‍ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചൊരു പോസ്റ്റില്‍ അദ്ദേഹം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.