ലോര്‍ഡ്സ്: ദക്ഷിണാഫ്രിക്കയുടെ 27 വര്‍ഷങ്ങളുടെ ഐസിസി കിരീട വരള്‍ച്ചയ്ക്ക് 'ക്രിക്കറ്റിന്റെ മെക്ക'യില്‍ അറുതിയായി. ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് ഘട്ടങ്ങളില്‍ വീണുപോകുന്നവരെന്ന പഴി ദക്ഷിണാഫ്രിക്ക മറികടന്നു.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വിയില്‍ വേദനിച്ച ആരാധകര്‍ക്ക് മറ്റൊരു ഐസിസി കിരീടത്തോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ആശ്വാസമേകിയിരിക്കുന്നു. 1998-ല്‍ ബംഗ്ലാദേശില്‍ നടന്ന ഐസിസി ഐസിസി നോക്കൗട്ട് ട്രോഫിയാണ് അവസാനം ജയിച്ചത്.
സ്‌കോര്‍: ഓസ്‌ട്രേലിയ 212/10, 207/10. ദക്ഷിണാഫ്രിക്ക 138/10, അഞ്ചിന് 282 .
മൂന്നാം വിക്കറ്റില്‍ മാര്‍ക്രം - ബവുമ സഖ്യം കൂട്ടിച്ചേര്‍ത്ത 147 റണ്‍സിന്റെ കൂട്ടുകെട്ടാണ് കിരീട വിജയത്തില്‍ നിര്‍ണായകമായത്. സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ച മാര്‍ക്രത്തിന്റെയും പരിക്കേറ്റിട്ടിട്ടും തളരാതെ പോരാടിയ ക്യാപ്റ്റന്‍ ടെമ്പ ബാവുമയുടെയും ബാറ്റിങ് മികവിലാണ് പ്രോട്ടീസിന്റെ കിരീടനേട്ടം.
മാര്‍ക്രം 207 പന്തുകളില്‍ 14 ബൗണ്ടറി ഉള്‍പ്പെടെ 136 റണ്‍സെടുത്താണ് പുറത്തായത്. ജയിക്കാന്‍ ആറ് റണ്‍സ് മാത്രമുളളപ്പോഴാണ് മാര്‍ക്രത്തിന്റെ പുറത്താവല്‍. ബാവുമ 134 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 66 റണ്‍സ് നേടി ടീം സ്കോറിലേക്ക് കാര്യമായ സംഭാവന നല്‍കി. മത്സരത്തിന് അവസാനം ഡേവിഡ് ബെക്കിങ്ഹാമും(21), കയ്ല്‍ വെറേയ്നും (7) ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയ്ക്കായി ഫിനിഷിങ് നടത്തിയത്.
ദക്ഷിണാഫ്രിക്കയെ ലോക കിരീടത്തിലേയ്ക്ക് നയിച്ച കറുത്ത വംശജന്‍ എന്ന നേട്ടവും ബാവുമയ്ക്കു സ്വന്തമായി. ടെസ്റ്റില്‍ പരാജയം അറിയാതെയാണ് ബാവുമ ടീമിനെ നയിച്ചത്.